ചേർത്തല : ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോയ സർക്കാർ ഉദ്യോഗസ്ഥനെ വാഹന പരിശോധനയ്ക്കിടെ പൊലീസ് മർദിച്ചതായി പരാതി. വളവില്‍ ഒളിച്ചിരുന്ന് വാഹനപരിശോധന നടത്തുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ പൊലീസ് മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദനത്തില്‍ പല്ലിളകിയെന്നുമാണ് പരാതി. തിരുവനന്തപുരം പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥൻ ചേർത്തല നഗരസഭ 5–ാം വാർഡ് ഇല്ലിക്കൽ രമേഷ് എസ്. കമ്മത്താണ്(52)  ഡിജിപിക്ക് പരാതി നൽകിയത്.

ഡിജിപിക്കു ലഭിച്ച പരാതി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കു നിർദേശം നൽകി. ശനിയാഴ്ച്ച വൈകിട്ടു ചേർത്തല പൂത്തോട്ടപ്പാലത്തിനു സമീപത്തെ വളവിലായിരുന്നു സംഭവം. പിഎസ്സി ഉദ്യോഗസ്ഥനായ രമേഷ് എസ്  കമ്മത്ത് ‍‍ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ- ശനിയാഴ്ച്ച എറണാകുളത്ത് പിഎസ്സി ജോലി കഴിഞ്ഞു വരികയായിരുന്ന തന്നെ റോഡിലെ വളവിൽ, ഇരുട്ടിൽ ബൈക്ക് തടഞ്ഞ് പൊലീസ് മദ്യപിച്ചോ എന്നു പരിശോധിച്ചു. മദ്യപിച്ചില്ലെന്നു മനസിലായതോടെ വിട്ടയച്ചു.

എന്നാൽ ബൈക്ക് അൽപ്പം മാറ്റി നിർത്തിയ ശേഷം വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്നു ഡിജിപിയുടെ സർക്കുലർ ഇല്ലേയെന്നു ചോദിക്കുകയും അതിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് പൊലീസിന് ഇഷ്ടപ്പെട്ടില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ തന്‍റെ കൈകള്‍ പിറകിൽ കൂട്ടികെട്ടി പൊലീസ് വാഹനത്തിലേക്കു കയറ്റാൻ ശ്രമിക്കുകയും തലയ്ക്കും കണ്ണിനും പല്ലിനും ഇടിക്കുകയും ജനനേന്ദ്രിയത്തിനു പരുക്കേൽപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പല്ലിളകി. ബലമായി സ്റ്റേഷനിലെത്തിച്ചു ഉപദ്രവിക്കുകയും മെഡിക്കൽ പരിശോധനയിൽ പൊലീസ് മർദിച്ചെന്നു പറയരുതെന്നു ഭീഷണിപ്പെടുത്തിയതായും പൊലീസിന്റെ ജോലിക്കു തടസം നിന്നെന്ന വകുപ്പിൽ കേസെടുത്ത് ജാമ്യത്തിൽ അയച്ചു. 

പൊലീസിനെതിരെ പരാതിപ്പെടാൻ ഭയന്നിരിക്കുമ്പോൾ പിഎസ്സി ചെയർമാൻ എം.കെ. സക്കീർ ഉൾപ്പെടെ ഇടപെട്ടാണ് ഡിജിപിയ്ക്കു പരാതി നൽകിയതെന്നും രമേഷ് എസ്.കമ്മത്ത് പറയുന്നു. പരാതി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി പറഞ്ഞു. വാഹന പരിശോധനയ്ക്കു ശേഷം പരിശോധനയെ ചോദ്യം ചെയ്ത രമേഷ് എസ്.കമ്മത്ത് പൊലീസ് വാഹനത്തിനു കുറുകെ നിന്നു പൊലീസിന് ജോലി തടസമുണ്ടാക്കിയപ്പോൾ പിടിച്ചു മാറ്റുകയും സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തതായി  അറിഞ്ഞെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും എസ്പി പറഞ്ഞു.