കല്‍പ്പറ്റ: ദീര്‍ഘദൂരസര്‍വ്വീസുകള്‍ ഏറെയുള്ള പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ സ്ഥലം സൗജന്യമായി അടക്കം വിട്ടുനല്‍കിയിട്ടും ഡിപ്പോ നിര്‍മിക്കാതെ കെ.എസ്.ആര്‍.ടി.സി അധികൃതര്‍. 2016-ല്‍ രണ്ടേക്കര്‍ സ്ഥലമാണ് പള്ളി അധികാരികളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നുമായി പഞ്ചായത്ത് ഏറ്റെടുത്തത്. ഒരേക്കര്‍ സ്ഥലം പെരിക്കല്ലൂര്‍ സെന്‍റ് തോമസ് ഫെറോന പള്ളി സൗജന്യമായി നല്‍കിയതാണ്. തുടക്കത്തില്‍ ഡിപ്പോ ഉടന്‍ വരുമെന്ന പ്രചാരണം നടന്നെങ്കിലും രണ്ട് വര്‍ഷത്തോളമായി ഒരു പ്രവൃത്തിയും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കോട്ടയം, പാല, ഏരുമേലി, അടൂര്‍, കണ്ണൂര്‍, കോഴിക്കോട്, പയ്യന്നൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും സര്‍വ്വീസുകളുണ്ട്. സൂപ്പര്‍ ഡീലക്‌സ് അടക്കം 16 സര്‍വ്വീസുകളുണ്ടായിട്ടും ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കാനോ മറ്റോ ഉള്ള സൗകര്യങ്ങള്‍ ഇവിടെയില്ല. റോഡരികിലും മറ്റും ബസുകള്‍ നിര്‍ത്തിയിട്ട് രാത്രിയില്‍ പോലും വാഹനത്തിനുള്ളില്‍ തന്നെ വിശ്രമിക്കേണ്ട ഗതികേടിലാണ് ജീവനക്കാര്‍. യാത്രക്കാരാകട്ടെ മഴയും വെയിലുമേറ്റ് നില്‍ക്കണം. പെരിക്കല്ലൂരില്‍ ഡിപ്പോ വരുന്നത് അട്ടിമറിക്കാന്‍ കെ.എസ്.ആര്‍.ടി.സിയിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. സര്‍വ്വീസ് പലതും വെട്ടിച്ചുരിക്കിയത് ഇതിന്‍റെ ഭാഗമായാണെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡിപ്പോ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ വര്‍ഷം മുള്ളന്‍കൊല്ലി പഞ്ചായത്ത് 20 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. ഇതേ വര്‍ഷം തന്നെ എം.എല്‍.എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ ഇത്രയും തുക വയിരുത്തിട്ടും ഡിപ്പോയുടെ പണി മാത്രം തുടങ്ങാനായില്ലെത്രേ. ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിക്ക് ശേഷം മറ്റൊരു പ്രവൃത്തിയും ഡിപ്പോക്കായി നടപ്പാക്കിയിട്ടില്ല.