Asianet News MalayalamAsianet News Malayalam

അബദ്ധത്തില്‍ കാറിടിച്ച് നായ്ക്കുട്ടി ചത്തു; പ്രായശ്ചിത്തമായി നിര്‍ധന കുടുംബത്തിന് വീടുവെച്ചു നല്‍കാന്‍ യുവാവ്

ഡ്രൈവിങ്ങിനിടെ സംഭവിച്ച കൈപ്പിഴയായിരുന്നു ആ ദുരന്തം. അതിന് പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് യുവാവ്. തന്റെ തെറ്റിന് പകരമായി വീടില്ലാത്ത നിര്‍ധന കുടുംബത്തിന് വീടുവെച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് അദ്ദേഹം രംഗത്തുവന്നു.
 

Puppy dies in car accident; The man to give a house to a poor family as atonement
Author
Areacode, First Published Jun 3, 2021, 11:43 AM IST

അരീക്കോട്: വാഹനമിടിച്ച് ചത്ത തന്റെ കുഞ്ഞിന് കാവല്‍ നില്‍ക്കുന്ന അമ്മ നായയുടെ ചിത്രം ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു. കുട്ടിയെ നഷ്ടപ്പെട്ട മാതൃത്വത്തിന്റെ എല്ലാ ദുഃഖവും പേറുന്നതായിരുന്നു ആ ചിത്രം. ഡ്രൈവിങ്ങിനിടെ സംഭവിച്ച കൈപ്പിഴയായിരുന്നു ആ ദുരന്തം. അതിന് പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് യുവാവ്. തന്റെ തെറ്റിന് പകരമായി വീടില്ലാത്ത നിര്‍ധന കുടുംബത്തിന് വീടുവെച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് അദ്ദേഹം രംഗത്തുവന്നു.  

അരീക്കോട് ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം നടന്നത്. കാറുടമ കൊളാരിക്കുണ്ട് ഖാസിം എന്ന പ്രവാസി വ്യവസായിയാണ് തന്റെ തെറ്റിന് പകരമായി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ27നാണ് ഖാസിം ഓടിച്ച വാഹനത്തിനടയില്‍പ്പെട്ട് തെരുവുനായക്കുട്ടി ചത്തത്. സംഭവം അറിയാതെ വാഹനയുടമ കാറോടിച്ച് പോയിരുന്നു. എന്നാല്‍ സംഭവം കണ്ട അരീക്കോട് പത്തനാപുരം സ്വദേശി അമല്‍ അബ്ദുള്ള ഫേസ്ബുക്കില്‍ ഈ സംഭവം ഫോട്ടോ സഹിതം എഴുതി. വാഹനത്തിന്റെ നമ്പറും പോസ്റ്റില്‍ എഴുതിയിരുന്ന. 

പോസ്റ്റ് ചര്‍ച്ചചെയ്യപ്പെട്ടതോടെയാണ് നായകള്‍ക്ക് ദിനംപ്രതി ഭക്ഷണം നല്‍കുന്ന നന്‍മ ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ പൊലീസ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ചത്തു കിടക്കുന്ന നായകുട്ടിയുടെ സമീപം അമ്മ പട്ടി കാവലിരിക്കുന്നതും കുഞ്ഞിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമുള്‍പ്പെടെ പോസ്റ്റില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ്  ഇന്‍സ്പെക്ടര്‍ ഉമേഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമയെ കണ്ടെത്തിയത്. 

അറിയാതെ പറ്റിയ അപകടത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാണെന്ന് ഖാസിം അരീക്കോട് നന്‍മ കൂട്ടായ്മ ഭാരവാഹികളെ അറിയിച്ചതോടെയാണ് നിര്‍ധന കുടുംബത്തിന് വീട്വെച്ച് നല്‍കാമെന്ന ആശയം ഉയര്‍ന്നത്. നന്മ പ്രവര്‍ത്തകരാണ് അരീക്കോട് പതിനഞ്ചാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. ഏകദേശം ആറര ലക്ഷം രൂപ വരും വീടുനിര്‍മ്മാണത്തിന്. 

അരീക്കോട് ജനമൈത്രി പൊലീസും നന്‍മ കൂട്ടായമയും സംയുക്തമായി വീട് നിര്‍മ്മാണത്തിന് സഹായിക്കും. ഷെഡിലാണ്  ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios