ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ചു. കാമുകിയെ വീട്ടിൽ താമസിപ്പിച്ചത് ചോദ്യം ചെയ്ത ഭാര്യയെ പൊട്ടാസ്യം പെർമാഗനേറ്റ് നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവിനും കാമുകിക്കും ഏഴ് വര്‍ഷം കഠിന് തടവിന് ശിക്ഷിച്ച് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി. സ്വന്തം വീട്ടിൽ ഭർത്താവ് കാമുകിയെ താമസിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവതിയെ ഇത്രയും മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതികൾക്ക് 7 വർഷം കഠിനതടവും 50,000 രൂപ പിഴ ശിക്ഷയും വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി ഭർത്താവ് കാമുകിയെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതറിഞ്ഞ് അത് ചോദ്യം ചെയ്യാനായാണ് വീട്ടിലേക്കു വന്നത്. ഈ സമയം ഭർത്താവും കാമുകിയും കൂടി പൊട്ടാസ്യം പെർമാഗനേറ്റ് യുവതിയുടെ വായിലേയ്ക്കിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. അയിരൂർ ചാവർകോട് കാരുണ്യം വീട്ടിൽ നളൻ (59) കാമുകിയായ പുളിമാത്ത് വില്ലേജിൽ പാറവിളവീട്ടിൽ സുജാത (59) എന്നിവവര്‍ക്കാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി എം പി ഷിബു ശിക്ഷ വിധിച്ചത്.
2015 ജനുവരി രണ്ടിനാണ് സംഭവം. ചെമ്മരുതി വില്ലേജിൽ കോവൂർ ദേശത്ത് അരശുവിള നയനവിലാസം വീട്ടിൽ ഗീതാ നളനെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവിന്‍റെ ദുർനടപ്പിനെ തുടർന്ന് പിണങ്ങി കുടുംബവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു യുവതിയും മക്കളും. ഭർത്താവ് കാമുകിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ചത് അയൽക്കാർ വിളിച്ചു പറഞ്ഞതനുസരിച്ച് അത് ചോദ്യം ചെയ്യാനായി വീട്ടിലേക്ക് വന്ന സമയം വീട്ടിലുണ്ടായിരുന്ന പ്രതികൾ യുവതിയെ ചീത്തവിളിക്കുകയും വീട്ടിൽനിന്ന് ഇറക്കിവിടാനും ശ്രമിച്ചു.
അത് എതിർത്ത യുവതിയെ കാമുകി കഴുത്തിനു കുത്തിപ്പിടിപ്പ് വായ തുറപ്പിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന പൊടി രൂപത്തിലുളള പൊട്ടാസ്യം പെർമാഗനേറ്റ് ഭർത്താവ് യുവതിയുടെ വായിലേയ്ക്ക് ഇടുകയും ചെയ്തു. മരണവെപ്രാളത്തിൽ അത് കുറേ തോണ്ടി കളഞ്ഞെങ്കിലും വായയ്ക്കകത്ത് ഗുരുതരമായ പൊള്ളലേറ്റു യുവതി ബോധരഹിതയായി. വിവരം അറിഞ്ഞെത്തിയ യുവതിയുടെ മക്കളും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള വർക്കല എസ് എൻ മെമ്മോറിയൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയത് കൊണ്ടാണ് ജീവൻ രക്ഷിക്കാനായത്.
വർക്കല പൊലീസ് ഇൻസ്പെക്റായിരുന്നു ബി. വിനോദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 2 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ്, അഭിഭാഷകയായ ബിന്ദു വി സി എന്നിവർ ഹാജരായി.


