തുടർച്ചയായ മൂന്നാം ദിവസവും വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയതോടെയാണ് കുടുംബം ഭീതിയിലായത്. ആദ്യ ദിവസം വരാന്തയിലും പിന്നീട് സിറ്റൗട്ടിലും വീട്ടുമുറ്റത്തുമാണ് പെരുമ്പാമ്പിൻ്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

പത്തനംതിട്ട: തുടർച്ചയായ ദിവസങ്ങളിൽ വീട്ടിൽ പെരുമ്പാമ്പിനെ പിടികൂടിയതോടെ ആശങ്കയിലായി പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ കുടുംബം. തുടർച്ചയായ മൂന്നാം ദിവസവും വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയതോടെയാണ് കുടുംബം ഭീതിയിലായത്. ആദ്യ ദിവസം വരാന്തയിലും പിന്നീട് സിറ്റൗട്ടിലും വീട്ടുമുറ്റത്തുമാണ് പെരുമ്പാമ്പിൻ്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സമീപവാസികളെത്തി പാമ്പിനെ പിടികൂടി വനപാലക്കാർക്ക് കൈമാറി. വയോധികയും കൈകുഞ്ഞും അടങ്ങുന്നതാണ് കുടുംബം.

അതേസമയം, കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. അതിനിടെ, കണ്ണൂർ താഴെ ചൊവ്വയിൽ പഴക്കടയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ഇരുട്ട് മുറിയിൽ കച്ചവടക്കാർക്ക് പാമ്പിന്റെ കടിയേൽക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പഴക്കുലകൾ മാറ്റിക്കൊണ്ടിരിക്കവേയാണ് പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. വനം വകുപ്പ് റെസ്ക്യുവർ എത്തി പാമ്പിനെ പിടികൂടി.