കൂറ്റനാട് പട്ടാമ്പി റോഡിലെ സ്പെയർ പാർട്സ് കടയ്ക്ക് മുന്നിൽ പാതിരാത്രിയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റെസ്ക്യൂ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടി ചാക്കിലാക്കി.
പാലക്കാട്: പാതിരാത്രിയിൽ കൂറ്റനാട്ടെ സ്പെയർ പാർട്ട്സ് കടക്ക് മുന്നിൽ ഇഴഞ്ഞെത്തി പെരുമ്പാമ്പ്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഒടുവിൽ പാമ്പിനെ ചാക്കിലാക്കി എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രി പന്ത്രണ്ടേക്കാലോടെ ആയിരുന്നു സംഭവം. കൂറ്റനാട് പട്ടാമ്പി റോഡിൽ മരം മില്ലിന് എതിർ വശത്തെ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കടയുടെ മുന്നിലാണ് പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാർ പരസ്പരം ഫോൺ വിളിച്ചറിയിക്കുകയായിരുന്നു. അർദ്ധരാത്രിയായിട്ടും പ്രദേശ വാസികൾ ഓടിയെത്തി. തുടർന്ന് ഫോറസ്റ്റ് റസ്ക്യൂവാർച്ചർ സുധീഷിനെ വിളിച്ച് വരുത്തിയ ശേഷമാണ് പാമ്പിനെ പിടി കൂടി നീക്കം ചെയ്തത്. സംഭവത്തിന്റെ ചിത്രങ്ങളടക്കം പാലക്കാട് സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുകയാണ്.


