ഇടുക്കി: കോവിഡിന്റെ പശ്ചാതലത്തില്‍ അതിര്‍ത്തി കടന്ന് എത്തുന്നവരെ കര്‍ശന നിരീക്ഷണത്തിലാക്കാന്‍ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ റിസോര്‍ട്ടുകളിലും എസ്‌റ്റേറ്റ് മേഖലകളില്‍ എത്തുന്നവരെ എസ്റ്റേറ്റ് ആശുപത്രികളിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ വ്യക്തമാക്കി. നിലവില്‍ മൂന്നാര്‍ ദേവികുളം കേന്ദ്രീകരിച്ച് എത്തുന്നവരുടെ അപേക്ഷകള്‍ 700 ആണെങ്കിലും അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂചന. 

ഒരാളുടെ കൂടെ മൂന്നും നാലും പേരാണ് അതിര്‍ത്തി കടക്കുന്നത്. ഇത്തരക്കാരെ പാര്‍പ്പിക്കുന്നതിന് മൂന്നാറിലും സമീപപ്രദേശങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇതിനോടകം സജ്ജമായി കഴിഞ്ഞു.  എന്നാല്‍ എസ്‌റ്റേറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് എത്തുന്നവരെ കമ്പനി അധിക്യതര്‍ എസ്റ്റേറ്റ് ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കണം. മറ്റിടങ്ങളില്‍ എത്തുവരെ പഴയ മൂന്നാറിലെ ശിക്ഷക് സദന്‍, ബഡ്‌ജെറ്റ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ പാര്‍പ്പിക്കും. 

എസ്റ്റേറ്റിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചാല്‍ സ്‌കൂളുകള്‍ ഏറ്റെടുത്ത് അവരെ അവിടേക്ക് മാറ്റുമെന്നും ദേവികുളം സബ് കളക്ടര്‍ പ്രംക്യഷ്ണന്‍ പറഞ്ഞു. മൂന്നാര്‍ ഹോട്ട്‌സ്‌പോട്ടായി തുടരുമ്പോഴും നിലവില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അന്യസംസ്ഥാനത്തുനിന്നും എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ ഇടയുണ്ട്.