സര്‍ക്കാര്‍ ഭൂമിയുടെ സ്‌കെച്ച് തിരുത്തി ക്വാറി ഉടമയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതിന് നാല് റവന്യൂ ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായതിന് പിന്നാലെ വാളാരംകുന്ന് ക്വാറി വീണ്ടും തുറക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. കാലവര്‍ഷം ശക്തമായപ്പോള്‍ നിര്‍ത്തിവെച്ച മറ്റു ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതിയും നല്‍കി.
വയനാട്: സര്‍ക്കാര്‍ ഭൂമിയുടെ സ്‌കെച്ച് തിരുത്തി ക്വാറി ഉടമയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതിന് നാല് റവന്യൂ ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായതിന് പിന്നാലെ വാളാരംകുന്ന് ക്വാറി വീണ്ടും തുറക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. കാലവര്‍ഷം ശക്തമായപ്പോള്‍ നിര്‍ത്തിവെച്ച മറ്റു ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതിയും നല്‍കി.
പരിസ്ഥിതിക്ക് ഏറെ ആഘാതമേല്‍പ്പിക്കുന്ന തരത്തില്‍ ബാണാസുരമലയിലായിരുന്നു വാളാരംകുന്ന് ക്വാറി രാവുംപകലുമില്ലാതെ പ്രവര്‍ത്തിച്ചിരുന്നത്. ആദിവാസി ഭൂമി കൈയ്യേറിയും സര്‍ക്കാര്‍ ഭൂമിയുടെ സ്‌കെച്ച് തിരുത്തിയുമാണ് ഇവിടെ ഖനനം നടക്കുന്നതെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ കൂടി കണക്കിലെടുത്താണ് വീണ്ടും പ്രവര്‍ത്തന അനുമതി നല്‍കാതിരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ക്വാറിയുടെ പ്രവര്‍ത്തനം ബാണാസുര മലക്ക് വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരുന്നത്. ഇവിടെ അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലോഡ് കണക്കിന് പാറ അടര്‍ത്തിമാറ്റുകയായിരുന്നു. ഇത് രാത്രിയും പകലും ഒരുപോലെ തുടര്‍ന്നതോടെ പരിസരവാസികളുടെ ജീവിതം ദുരിതമായി. പരിസരവാസികളെ വെല്ലുവിളിച്ച് കോടതി ഉത്തരവ് നേടിയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.
സബ് കലക്ടര്‍ അടക്കമുള്ളവര്‍ ക്വാറിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആദ്യം ക്വാറിക്കെതിരായി റിപ്പോര്‍ട്ട് നല്‍കിയ വെള്ളമുണ്ട വില്ലേജ് ഓഫീസറെ ജില്ലയില്‍ നിന്ന് തന്നെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഭൂമിയുടെ സ്‌കെച്ച് തിരുത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് തലശേരി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയില്‍ ക്വാറിക്ക് സമീപം ഉരുള്‍പ്പൊട്ടിയിരുന്നു. പണിയര്‍, കാട്ടുനായ്ക്ക, കുറിച്യര്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട നാല്‍പ്പതോളം ആദിവാസികുടുംബങ്ങളാണ് ഇവിടെയുള്ളത്.
