ക്വാറികളിൽ നിന്ന് പ്രധാന റോഡിലേക്ക് എത്താനായുള്ള റോഡ് നിർമ്മാണത്തിന് ശേഷമുള്ള ക്വാറി വേസ്റ്റും മണ്ണും എല്ലാം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതാണ് നാട്ടുകാരിൽ ഭീതിക്ക് കാരണമായിട്ടുള്ളത്.

കോഴിക്കോട്: കൊടിയ വേനല്‍ച്ചൂടിലും ഒരു തുള്ളി മഴപോലും പെയ്തിറങ്ങല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോണിച്ചാല്‍ പ്രദേശത്തെ കുടുംബങ്ങള്‍. നൂറ് മീറ്റര്‍ ദൂരം പോലുമില്ലാതെ മൂന്ന് ക്വാറികളാണ് ഇവിടെ സമീപത്തായി പ്രവര്‍ത്തിക്കുന്നത്. ഇന്ന് ജനപ്രതിനിധികളുടെയും വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിരവധി കുടുംബങ്ങളുടെ തലക്ക് മുകളിലായുള്ള ആ മരണ ഭീഷണി നേരില്‍ കണ്ട് ബോധ്യമായിരുന്നു. ക്വാറികളിൽ നിന്ന് പ്രധാന റോഡിലേക്ക് എത്താനായുള്ള റോഡ് നിർമ്മാണത്തിന് ശേഷമുള്ള ക്വാറി വേസ്റ്റും മണ്ണും എല്ലാം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതാണ് നാട്ടുകാരിൽ ഭീതിക്ക് കാരണമായിട്ടുള്ളത്.

ഏത് നിമിഷവും താഴേക്ക് പതിക്കുമെന്ന തരത്തില്‍ ഇവിടെ സൃഷ്ടിക്കപ്പെട്ട ഭീമന്‍ മണ്‍തിട്ടകളുടെ കാഴ്ച ഞെട്ടിക്കുന്നതാണ്. ഇതിന് താഴെയായി തോണിച്ചാല്‍ ഭാഗത്തും ചെറുന്തോട് ഭാഗത്തുമായി നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ കുടുംബങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്ത തരത്തിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ക്വാറികളെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ റോഡ് വെട്ടാനുള്ള ശ്രമം കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞിരുന്നു. 

പത്ത് മീറ്ററോളം വീതിയിലും ഒന്നര കിലോമീറ്ററിലധികം നീളത്തിലുമുള്ള റോഡ് മൂന്ന് ക്വാറികളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രധാന പാതയിലേക്ക് എത്തുന്ന തരത്തിലാണ് പ്ലാന്‍ ചെയ്തിരുന്നത്. നാട്ടുകാര്‍ തടഞ്ഞെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഒരുമിച്ച് പൊതു അവധി വന്നതിനാല്‍ ഈ സമയം മുതലെടുത്ത് റോഡ് നിര്‍മാണം ക്വാറി ഉടമകൾ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും സംഘടിച്ച് നടത്തിയ പരിശോധനയിലാണ് ക്വാറി വേസ്റ്റുകളും ഭീമന്‍ മണ്‍തിട്ടകളും ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ കൂട്ടിയിട്ട കാഴ്ച കണ്ടത്. 

കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസല്‍, അസി. സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, വാര്‍ഡ് മെംബര്‍ കോമളം, വില്ലേജ് ഓഫീസര്‍ കെ. ഷിജു, വില്ലേജ് അസിസ്റ്റന്റ് എം.കെ ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ക്വാറിയില്‍ സന്ദര്‍ശനം നടത്തിയത്. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സംഘം ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനും ജിയോളജി വകുപ്പ് അധികൃതരെ ഉള്‍പ്പെടെ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം