കൽപറ്റ: വയനാട്ടിലെ പുൽപ്പള്ളിയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വാസിപ്പിച്ച് രാഹുൽഗാന്ധി എംപി. കുടുംബത്തോടൊപ്പമുണ്ടെന്നും കർഷകരുടെ ദുരിതം താൻ പാർലമെന്‍റിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. അടുത്ത തവണ വയനാട്ടിൽ വരുമ്പോൾ ആത്മഹത്യ ചെയ്ത എങ്കിട്ടന്‍റെ വീട് സന്ദർശിക്കുമെന്നും രാഹുൽഗാന്ധി അറിയിച്ചു.

ഇന്നലെയാണ് പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിൽ ചുളു ഗോഡ് എങ്കിട്ടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 55 വയസായിരുന്നു. കടബാധ്യത മൂലമാണ് എങ്കിട്ടൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഒന്നര ഏക്കറോളം സ്ഥലത്ത് കടമെടുത്ത് ഇയാൾ കൃഷി നടത്തിയിരുന്നു. മഴ കുറവായതിനാൽ കൃഷി നശിച്ചതിൽ ഇയാൾ നിരാശനായിരുന്നുവെന്നും ചെറുകിട കർഷകനായ എങ്കിട്ടന് മൂന്ന് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.