നോട്ടീസ് ലഭിച്ച സ്ഥാപന ഉടമകള്‍ ഒരാഴ്ച്ചക്കുള്ളില്‍ മതിയായ രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലെത്തണം. 

കല്‍പ്പറ്റ: വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ആയുര്‍വേദ മസാജ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കി. ജില്ല പോലീസ് മേധാവി തപോഷ് ബസുമതാരി നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മസാജ്, സ്പാ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. നോട്ടീസ് ലഭിച്ച സ്ഥാപന ഉടമകള്‍ ഒരാഴ്ച്ചക്കുള്ളില്‍ മതിയായ രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലെത്തണം. 

മസാജ് സെന്ററുകളോ സ്പാ കേന്ദ്രങ്ങളോ പ്രവര്‍ത്തിക്കണമെങ്കില്‍ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട് 2018 പ്രകാരമുള്ള രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാണ്. പല സ്ഥാപനങ്ങൾക്കും ഈ രേഖകള്‍ പരിശോധന സമയത്ത് ഉദ്യോഗസ്ഥരെ കാണിക്കാനായിട്ടില്ല. ഇതിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള അനുമതി പത്രങ്ങളും കൈവശമുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരില്ലാതെയാണ് ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. 

'ആയുര്‍വേദ മസാജ്' എന്ന പേരില്‍ ടൂറിസത്തിന്റെ മറപിടിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. അനധികൃത സ്പാ - മസാജ് കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള പരിശോധന തുടരുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.

10 ലക്ഷം ചോദിച്ച് വിദേശത്ത് നിന്ന് കോൾ, ഫോണ്‍ ചോർത്തി സ്വന്തം ജീവനക്കാരുടെ കൊടുംചതി; പരാതി നൽകി ദമ്പതികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം