കുറിച്യാട് റെയ്ഞ്ചില്‍ സുല്‍ത്താന്‍ബത്തേരി നഗരസഭ പരിധിയില്‍പ്പെട്ട സത്രംകുന്ന് മുതല്‍ പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലിവരെയുള്ള പത്ത് കിലോമീറ്റര്‍ വനാതിര്‍ത്തിയിലാണ് ഇപ്പോള്‍ റെയില്‍പാള വേലി പൂര്‍ത്തിയായിരിക്കുന്നത്...

കല്‍പ്പറ്റ: ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസപ്രദേശങ്ങളിലെത്തുന്നത് ശാശ്വതമായി തടയുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ റെയില്‍പാള വേലി (റെയില്‍ ഫെന്‍സിങ്) ബത്തേരിയില്‍ പൂര്‍ണ്ണസജ്ജമയി. ഇന്ന് വൈകുന്നേരം വനംമന്ത്രി കെ. രാജു വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും പരീക്ഷിച്ച് വിജയിച്ചുവെന്ന വാദം മുന്‍നിര്‍ത്തിയായിരുന്നു രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ പാളം ഉപയോഗിച്ച് നിര്‍മിക്കുന്ന വേലിയുടെ പ്രവൃത്തി വയനാട്ടില്‍ ആരംഭിച്ചത്. 

കുറിച്യാട് റെയ്ഞ്ചില്‍ സുല്‍ത്താന്‍ബത്തേരി നഗരസഭ പരിധിയില്‍പ്പെട്ട സത്രംകുന്ന് മുതല്‍ പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലിവരെയുള്ള പത്ത് കിലോമീറ്റര്‍ വനാതിര്‍ത്തിയിലാണ് ഇപ്പോള്‍ റെയില്‍പാള വേലി പൂര്‍ത്തിയായിരിക്കുന്നത്. 2.5 മീറ്റര്‍ ഉയരമുള്ള വേലി ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് മറികടക്കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. മൂന്ന് മീറ്റര്‍ അകലത്തില്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച തൂണുകളും ഇവക്ക് ബലം നല്‍കുന്നതിനായി വശത്തായി ചരിഞ്ഞ തൂണുകളുമുണ്ട്.

2018-ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15.12 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരുന്നത്. 2019 മാര്‍ച്ചിലാണ് നിര്‍മാണം തുടങ്ങിയത്. വൈദ്യുതി വേലിയും കിടങ്ങും സ്ഥാപിച്ചിട്ടും മൃഗങ്ങളുടെ നാട്ടിലേക്കുള്ള വരവിന് കുറവില്ലാതായതോടെയാണ് പുതിയ സംവിധാനങ്ങളെ കുറിച്ച് അധികൃതര്‍ ആലോചിച്ചു തുടങ്ങിയത്. തൂക്ക് വൈദ്യുതി വേലി അടക്കമുള്ള മറ്റു പ്രതിരോധ സംവിധാനങ്ങളും പുല്‍പ്പള്ളി വനമേഖലയില്‍ പരിക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ ഫലപ്രദമെന്ന് തോന്നുന്നത് വയനാട്ടിലാകെ സ്ഥാപിക്കാനാണ് ആലോചന. അതേ സമയം റയില്‍പാള വേലി ആനക്ക് മറിക്കടക്കാന്‍ ആകില്ലെങ്കിലും പന്നിയടക്കമുള്ള ചെറിയ മൃഗങ്ങള്‍ മറ്റുവഴികള്‍ തേടി കൃഷിയിടങ്ങളിലെത്തുമോ എന്ന ആശങ്കയുണ്ട്.