തിരുവല്ല: കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി ദുരിതമനുഭവിക്കുകയാണ് തിരുവല്ല പുളിക്കത്തറക്കുഴി കോളനി നിവാസികൾ. റെയിൽവേയുടെ അശാസ്ത്രീയ ഓട നിർമ്മാണം മൂലമാണ് വീടുകളിൽ വെള്ളം കയറിയതെന്ന് കോളനി നിവാസികൾ പറഞ്ഞു. വീട്ടിൽ താമസിക്കാൻ കഴിയാത്തതിനാൽ കോളനി നിവാസികളെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഇരുവെളളിപ്ര റെയിൽവേ അടിപ്പാതയിലെ വെള്ളം ഒഴുകി പോകാനാണ് റെയിൽവേ അധികൃതർ കനാൽ നിർമ്മിച്ചത്. എന്നാൽ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളം ഒഴുക്കി കളയാൻ നിർമ്മിച്ച കോൺക്രീറ്റ് കനാലിലൂടെ ആറ്റിൽ നിന്നും വെള്ളം തിരിച്ചു കയറി. ഇതോടെ പുളിക്കത്തറക്കുഴി കോളനി വെള്ളത്തിനടിയിലാവുകയായിരുന്നു. ഷട്ടർ നിർമ്മിച്ച് ഓട അടച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളു എന്നാണ് നാട്ടുകാർ പറയുന്നത്.

കോളനി നിവാസികളെ തിരുമൂലപുരം സെന്റ് തോമസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയത്. പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് തിരുവല്ലയിലെ ക്യാമ്പുകള്‍ സന്ദർശിച്ചിരുന്നു. അതേസമയം, തിരുവല്ല താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 42 കുടുംബങ്ങളിലെ 143 പേരെ ഇതുവരെ മാറ്റി പാര്‍പ്പിട്ടുണ്ട്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മല്ലപ്പള്ളി താലൂക്കിലും ക്യാമ്പ് തുറന്നിട്ടുണ്ട്.