തിരുവല്ലയിലെത്തിയ ലോക് മാന്യതിലക് എക്സ്പ്രസിൽ ഒരു യുവാവ്, ബാഗിൽ 32 ലക്ഷം രൂപ; പരിശോധനയിൽ കുടുങ്ങി, അറസ്റ്റിൽ
റെയിൽവേ പൊലീസും എക്സൈസും ചേർന്ന് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ രേഖകളില്ലാതെ കടത്തിയ 32 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മഹാരാഷ്ട്ര ചിഗ്ലു സ്വദേശി പ്രശാന്ത് ശിവജി(30)യാണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മഹാരാഷ്ട്രയിൽ നിന്നും എത്തിയ ലോക് മാന്യതിലക് എക്സ്പ്രസിൽ കായംകുളത്തേക്ക് പോവുകയായിരുന്നു പ്രശാന്ത്.
റെയിൽവേ പൊലീസും എക്സൈസും ചേർന്ന് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. റെയിൽവേ പൊലീസ് എസ് ഐ റോബി ചെറിയാൻ, എക്സൈസ് സി ഐ കെ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും കസ്റ്റഡിയിൽ എടുത്ത പണവും അടക്കം കോട്ടയം റെയിൽവേ പൊലീസിന് കൈമാറി.
ഇതിനിടെ തമിഴ്നാട്ടിൽ നിന്നും രേഖകളില്ലാതെ കൊണ്ടു വന്ന മുപ്പത്തി നാലര ലക്ഷം രൂപ ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റിൽ എക്സൈസ് പിടികൂടി. തമിഴ് നാട് സ്വദേശി മുത്തു ബാലാജിയാണ് പണവുമായി എത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊണ്ടു വന്നതാണെന്നാണ് ഇയാൾ പറഞ്ഞത്. രേഖകൾ ഇല്ലാത്തതിനാൽ പണം പൊലീസിന് കൈമാറി. കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കുന്ന പണം മതിയായ രേഖകൾ ഹാജരാക്കിയാലേ വിട്ടുനൽകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
Read More : ഒന്നര വർഷം മുമ്പ് വിവാഹം, നാദാപുരത്ത് ഭർതൃവീട്ടിൽ നിന്നെത്തിയതിന് പിന്നാലെ ജീവനൊടുക്കി 22 കാരി, അന്വേഷണം