Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയിൽ കനത്ത മഴ: മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കൊയിലാണ്ടി താലൂക്കിലെ കൊല്ലം പാറപ്പള്ളി ബീച്ചിൽ ഉണ്ടായ കടൽക്ഷോഭത്തെ തുടർന്ന് വിയ്യൂർ വില്ലേജിലെ ഏഴ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്  മാറ്റി.

Rain relief camps opened in kozhikode
Author
Kozhikode, First Published May 15, 2021, 10:08 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കാറ്റും മഴയും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്നതോടെ ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോഴിക്കോട് താലൂക്കിൽ ഒന്നും കൊയിലാണ്ടി താലൂക്കിൽ രണ്ടും ക്യാമ്പുമാണ് തുറന്നത്. മൂന്ന് ക്യാമ്പുകളിലുമായി പത്ത്‌ കുടുംബങ്ങളിൽ നിന്നായി 24 പുരുഷന്മാരും 21 സ്ത്രീകളും 16 കുട്ടികളുമുൾപ്പടെ 61  അന്തേവാസികളാണുള്ളത്.

കൊയിലാണ്ടി താലൂക്കിലെ കൊല്ലം പാറപ്പള്ളി ബീച്ചിൽ ഉണ്ടായ കടൽക്ഷോഭത്തെ തുടർന്ന് വിയ്യൂർ വില്ലേജിലെ ഏഴ് കുടുംബങ്ങളിലെ 44 പേരെ ശറഫുൽ ഇസ്‌ലാം മദ്രസയിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക്  മാറ്റിപ്പാർപ്പിച്ചു. 16 സ്ത്രീകളും 17 പുരുഷന്മാരും 11 കുട്ടികളുമാണ്. ചെങ്ങോട്ടുകാവ് വില്ലേജിലെ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളെ ജി.എൽ.പി.എസ് മാടാക്കരയിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക്  മാറ്റിപ്പാർപ്പിച്ചു. രണ്ട് സ്ത്രീകളും മൂന്ന് പുരുഷൻമാരും മൂന്നു കുട്ടികളുമാണ്. കോഴിക്കോട് താലൂക്കിലെ കസബ വില്ലേജിൽ തോപ്പയിൽ ക്യാമ്പ് ആരംഭിച്ചു. രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പുരുഷന്മാരും 3 സ്ത്രീകളുമാണ് ഇവിടെയുള്ളത്. 

വടകര വില്ലേജിൽ 100 കുടുംങ്ങളിൽ നിന്ന് 310 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. വടകര തീരപ്രദേശങ്ങളായ വടകര സാൻ്റ് ബാങ്ക്സ്, പുറങ്കര, അഴിയൂർ ചോമ്പാൽ ഹാർബർ, കുരിയാടി മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി .ഈ മേഖലയിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ചോമ്പാൽ ഹാർബറിൽ നിന്നും 4 വള്ളം കടലിലേക്ക് ഒഴുകി കാണാതായി. ഏറാമല മമ്പള്ളീമ്മൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ആളപായമില്ല .

കടലുണ്ടി വില്ലേജിൽ കടലാക്രമണത്തെ  തുടർന്ന് കപ്പലങ്ങാടി ഭാഗത്തു നിന്നും 17 കുടുംബങ്ങളെയും  വാക്കടവ് ഭാഗത്തു  നിന്നും രണ്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തു നിന്നും ആറ് കുടുംബങ്ങളയും ബന്ധുവീട്ടിലേക്ക്  മാറ്റി  താമസിപ്പിച്ചു. ബേപ്പൂർ വില്ലേജിൽ പൂണാർ വളപ്പിൽ ശക്തമായ കടൽക്ഷോഭത്തിൽ വീടിന്റെ മതിലിടിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കുപറ്റി. പുലിമുട്ടിൽ 13 പെട്ടിക്കടകൾ പൂർണമായി തകർന്നു.

കൊടിയത്തൂർ വില്ലേജിൽ മാട്ടുമുഴി കോളനിയിൽ ഒരു വീട് ഭാഗികമായി തകർന്നു. കോട്ടൂളി വില്ലേജിൽ ഒരു വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഫറോക്ക് വാക്കടവ്, ബേപ്പൂർ ജങ്കാർ പരിസരം, കപ്പലങ്ങാടി, ഗോതീശ്വരം, പൂക്കാട് ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണമുണ്ട്. 

പന്നിയങ്കര വില്ലേജിൽ ശക്തമായ കടൽക്ഷോഭത്തിൽ കോതി പാലത്തിനു സമീപമുള്ള പന്ത്രണ്ടോളം വീടുകൾക്കും കോയ വളപ്പിൽ രണ്ടു വീടുകളും ഭാഗികമായി കേട് സംഭവിച്ചിട്ടുണ്ട് കൂടാതെ നാലോളം കുടുംബങ്ങൾ ( 15 പേർ )ബന്ധു വീട്ടിലേക്ക് താമസം മാറി. വേങ്ങേരി വില്ലേജിലും ചെലവൂർ വില്ലേജിലും മതിലിടിഞ്ഞു വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഈങ്ങാപ്പുഴ വില്ലേജിൽ കെട്ടിന്റകായിൽ അബ്ദുൽ അസിസ് എന്നിവരുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. ആർക്കും പരിക്കില്ല. കൂടത്തായി വില്ലേജിൽ 4 സെന്റ് കോളനിയിൽ അമ്പലക്കുന്ന് സുനന്ദ ദാസിന്റെ വിടിനു മുകളിൽ റബ്ബർ മരം വീണ് നാശം സംഭവിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. 21 അംഗങ്ങളുളള സംഘം വേങ്ങേരി ഗസ്റ്റ് ഹൗസിലാണ് ക്യാംപ് ചെയ്യുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios