Asianet News MalayalamAsianet News Malayalam

ശരിക്കും ഔഷധക്കഞ്ഞി തന്നെ, കോയയുടെ നോയമ്പ് കഞ്ഞിക്ക് ഡിമാൻ്റ് ഏറെ

എട്ട് കിലോ അരിയിൽ തയ്യാറാക്കുന്ന കഞ്ഞി കുടിക്കുവാൻ നോയമ്പുതുറ സമയത്ത് കുറഞ്ഞത് 100 പേരെങ്കിലുമുണ്ടാകുമെന്ന് കോയ പറയുന്നു.

Ramzan Fasting special food by koya from Alappuzha
Author
Alappuzha, First Published Apr 22, 2021, 5:32 PM IST

ആലപ്പുഴ: ഒരിക്കൽ നോയമ്പ് തുറ സമയത്ത് കോയ തയ്യാറാക്കുന്ന കഞ്ഞി കുടിക്കുന്നവർ പിറ്റേദിവസവും നോയമ്പ് തുറക്ക് ആലപ്പുഴ സക്കറിയാ ബസാറിലെ മർക്കസ് മസ്ജിദിലേക്ക് അറിയാതെ എത്തിപ്പോകും. കഞ്ഞിക്ക് അത്ര നല്ല രുചിയാണെന്നാണ് പതിവായി മർക്കസ് പള്ളിയിൽ നോയമ്പുതുറക്ക് എത്തുന്ന വിശ്വാസികൾ പറയുന്നത്. പത്ത് വർഷത്തിലധികമായി മുല്ലാത്ത് വളപ്പിൽ താമസിക്കുന്ന കോയ റമദാൻ മാസത്തിൽ മർക്കസ് മസ്ജിദിൽ നോയമ്പ് കഞ്ഞി വെക്കാനെത്താൻതുടങ്ങിയിട്ട്. 

ഉച്ചക്ക് രണ്ട് മണിക്ക് കഞ്ഞി പാചകം തുടങ്ങിയാൽ അഞ്ച് മണിക്ക് തീരുമെന്നാണ് കോയ പറയുന്നത്. എട്ട് കിലോ അരിയിൽ തയ്യാറാക്കുന്ന കഞ്ഞി കുടിക്കുവാൻ നോയമ്പുതുറ സമയത്ത് കുറഞ്ഞത് 100 പേരെങ്കിലുമുണ്ടാകുമെന്ന് കോയ പറയുന്നു. മാത്രമല്ല പുറത്ത് നിന്ന് പാത്രങ്ങളുമായി എത്തുന്നവർക്കും ആവശ്യത്തിന് കഞ്ഞി നൽകും. ആശാളി, ഉലുവ, കറിവേപ്പില, മല്ലി, ചീര, പുതീനയില, കരിഞ്ചീരകം, പെരിഞ്ചീരകം, ഇഞ്ചി, ചുക്ക്, ഉള്ളി, വെള്ളുള്ളി, ഡാൽഡ, നെയ്യ്, പരലുപ്പ് തുടങ്ങിയ ചേരുവകളാണ് നോയമ്പ് കഞ്ഞിയിൽ ചേർക്കുന്നതെന്ന് കോയ പറഞ്ഞു. 

ശരിക്കും ഇത് ഒരു ഔഷധക്കഞ്ഞി തന്നെയാണെന്നും കുടിച്ചാലോ അതിരുചിയെന്നുമാണ് പള്ളിയിലെത്തിയ വിശ്വാസിയുടെ അഭിപ്രായം. ഇത്രയും ചേരുവകൾ ഒരു കഞ്ഞിക്കാരനും  ചേർക്കാറില്ലെന്നാണ് കോയയുടെ കഞ്ഞികുടിക്കുന്നവര്‍ പറയുന്നത്. 40 വർഷക്കാലമായി കോയ റമദാൻ മാസത്തിലെ കഞ്ഞി പാചക പണി തുടങ്ങിയിട്ട്. നല്ല ബിരിയാണി പാചകക്കാരൻ കൂടിയാണ് കോയ. ഒരു മകനും മകളുമുണ്ട് കോയയ്ക്ക്. താൻ തയ്യാറാക്കുന്ന കഞ്ഞി നോയമ്പ് തുറക്കുന്ന സമയത്ത് ഭക്തർ കുടിക്കുമ്പോൾ അവരുടെ മുഖത്ത് കാണുന്ന സംതൃപ്തി തനിക്ക് വല്ലാത്ത സന്തോഷമാണുണ്ടാക്കുന്നതെന്ന് കോയ പറഞ്ഞു.

Follow Us:
Download App:
  • android
  • ios