Asianet News MalayalamAsianet News Malayalam

Ranjith Murder: രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകം; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ

അനൂപിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിന് പത്തനംതിട്ട മുനിസിപ്പാലിറ്റി 22- വാർഡിൽ മുബാറക് മൻസിലിൽ ഇമാമുദ്ധീനെയും പിടികൂടി

Ranjith Srinivasan Murder: Two Popular Front activists arrested
Author
Alappuzha, First Published Jan 20, 2022, 9:42 AM IST

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി (Ranjith Srinivasan Murder) ബന്ധപ്പെട്ട് രണ്ട് പോപ്പുലർ ഫ്രണ്ട് (Popular Front) പ്രവർത്തകരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കൊലപാതകത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ആലപ്പുഴ (Alappuzha) ആര്യാട് സൌത്ത് പഞ്ചായത്ത് 9- വാർഡിൽ കൈതത്തിൽ അനൂപിനെ  പോപ്പുലർ ഫ്രണ്ട് പത്തനംതിട്ടാ ജില്ലാകമ്മറ്റി ഓഫീസിൽ നിന്നാണ് പിടികൂടിയത്. 

അനൂപിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിന് പത്തനംതിട്ട മുനിസിപ്പാലിറ്റി 22- വാർഡിൽ മുബാറക് മൻസിലിൽ ഇമാമുദ്ധീനെയും (41) പിടികൂടി. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. പ്രതികളെ കോടതിയിൽ ഹാജരാക്കും. 

ഡിസംബര്‍ 19 ന് 12 മണിക്കൂറിന്‍റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 19 ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രണ്‍ജീത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. 

Read More: പൊലീസിനെ കുഴക്കിയ 'സിം' തന്ത്രം പൊളിഞ്ഞു; പ്രതികള്‍ ഉപയോ​ഗിച്ചത് വീട്ടമ്മയുടെ രേഖകൾ

Follow Us:
Download App:
  • android
  • ios