തങ്ങളെ ഉപദ്രവിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ മലയണ്ണാന്‍ കുടുംബം മന്‍സൂറിന്റെ കൃഷിയിടത്തില്‍ കൂടു കൂട്ടി താമസവും ആരംഭിച്ചു. ഇതോടെയാണ് രണ്ടാള്‍ക്കും മണ്‍സൂര്‍ പേരിട്ടത്.

മലപ്പുറം: പേരു ചൊല്ലി വിളിച്ചാല്‍ മതി, ഈ കുടുംബത്തെ തേടി ആ ഇണകള്‍ ഓടിയെത്തും. മനുഷ്യനും മലയണ്ണാനും തമ്മിലൊരു അപൂര്‍വ ചങ്ങാത്തിന്റെ കഥയാണ് മലപ്പുറം ജില്ലയിലെ മമ്പാട് എന്ന ഗ്രാമത്തിന് പറയാനുള്ളത്. മമ്പാട് പുള്ളിപ്പാടം മണലോടി കൊല്ലപറമ്പന്‍ മന്‍സൂറിന്‍റേയും കുടുംബത്തിന്റെയും ഉറ്റ ചങ്ങാതിമാരായി മാറിയ മലയണ്ണാന്‍ ഇണകളാണ് അപൂര്‍വ്വ സ്‌നേഹ ബന്ധത്തിലെ കൗതുക കാഴ്ച . മണിയെന്നും മുത്തുമോളെന്നുമാണ് മണ്‍സൂറും കുടുംബവും ഇവരെ വിളിക്കുന്നത്. പേര് ചൊല്ലി വിളിച്ചാല്‍ ഓടിയെത്തുന്ന മലയണ്ണാന്‍ ഇണകള്‍ നാടിനാകെ കൗതുകമായി മാറിയിരിക്കുകയാണ്.

വേനല്‍ക്കാലത്ത് പക്ഷികള്‍ക്കായി വീട്ടുമുറ്റത്ത് മണ്‍സൂര്‍ ചിരട്ടയില്‍ വെള്ളം വച്ചിരുന്നു. ഈ വെള്ളം കുടിക്കാനാണ് ആദ്യമായി മണിയും മുത്തുമോളും മന്‍സൂറിന്റെ വീട്ടിലെത്തിയത്. പിന്നീട് മലയണ്ണാന്മാര്‍ വെള്ളം കുടിക്കാനെത്തുന്നത് പതിവായപ്പോള്‍ മന്‍സൂര്‍ ഇവര്‍ക്ക് പഴങ്ങള്‍ കൊടുത്തു. താമസിയാതെ മന്‍സൂറിനോടും കുടുംബത്തോടും അണ്ണാന്‍ കുടുംബം വളരെ അടുത്തു. തങ്ങളെ ഉപദ്രവിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ മലയണ്ണാന്‍ കുടുംബം മന്‍സൂറിന്റെ കൃഷിയിടത്തില്‍ കൂടു കൂട്ടി താമസവും ആരംഭിച്ചു. ഇതോടെയാണ് രണ്ടാള്‍ക്കും മണ്‍സൂര്‍ പേരിട്ടത്. ഇപ്പോള്‍ മണ്‍സൂറോ, വീട്ടിലെ ആരെങ്കിലുമോ പേരു ചൊല്ലി വിളിച്ചാല്‍ ഉടന്‍ മുറ്റത്തെ മരത്തിന്റെ ശിഖരങ്ങളില്‍ ഇരുവരും ഹാജരുണ്ടാകും.

Read More :  പരിക്കുകള്‍ വലച്ചു, പഠനം മുടങ്ങി! ഒമ്പതാം വയസില്‍ 'ഒളിംപ്യനായ' ശ്രീശങ്കറിന്റെ യാത്ര ത്രില്ലര്‍ സിനിമയെ വെല്ലും

ഇപ്പോള്‍ പറമ്പിലെ തെങ്ങും, പ്ലാവും, തേക്കും എല്ലാം ഇവരുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ്. മന്‍സൂര്‍ മാത്രമല്ല മന്‍സൂറിന്റെ ഭാര്യയും മക്കളും ഇവരുടെ പ്രിയപ്പെട്ടവരാണ്. മുത്തുമോള്‍ക്ക് കൂടുതല്‍ അടുപ്പം മന്‍സൂറിന്റെ ഭാര്യയോടാണ്. പുറത്തു കണ്ടില്ലെങ്കില്‍, അന്വേഷിച്ച് മുത്തുമോള്‍ വീടിനുള്ളിലെത്തും. പഴങ്ങള്‍ മാത്രമല്ല, വീട്ടില്‍ ഉണ്ടാക്കുന്ന ചോറും കറിയും വരെ ഇരുവരുടെയും ഇഷ്ട ഭക്ഷണമാണ്. എന്തായാലും അപൂര്‍വ്വ ചങ്ങാത്തം പ്രദേശത്തുള്ളവര്‍ക്ക് അതിശയമായി മാറിയിരിക്കുകയാണ്.