തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിലൂടെ  തിരികെ ജീവിതത്തിലേക്ക്. വിദ്യയുടെ അസാമാന്യ അതിജീവന കഥ പങ്കുവെച്ച് വീണാ ജോർജ്

തിരുവനന്തപുരം: ഭർത്താവിന്‍റെ അതിക്രൂരമായ ആക്രമണത്തിൽ കൈ രണ്ടായി അറ്റ്‌ വേർപെട്ടു പോയ യുവതിയുടെ അതിജീവനകഥ പങ്കുവച്ച് മന്ത്രി വീണാ ജോർജ്. ദുഃഖങ്ങൾക്ക് മീതെ വിദ്യയുടെ മുഖത്ത് ഇപ്പോൾ പുഞ്ചിരി വിടർന്നിട്ടുണ്ട്. തളരരുത് ധൈര്യത്തോടെ മുന്നോട്ടെന്നാണ് വിദ്യയുടെ തീരുമാനമെന്നും മന്ത്രി കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്

ഇത് വിദ്യ. ഭർത്താവിന്റെ അതിക്രൂരമായ ആക്രമണത്തിൽ കൈ രണ്ടായി അറ്റ്‌ വേർപെട്ടു പോയ യുവതി. തോർത്ത് വെച്ച് കൈകൾ ചേർത്ത് കെട്ടി കൈകൾ ചേർത്ത് വെച്ച് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ചപ്പോൾ അവർ ചികിത്സയ്ക്ക് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയിലധികം. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അപ്പോൾ തന്നെ വിദ്യയെ എത്തിച്ചു. ആ യാത്രയിൽ വിദ്യയുടെ കുടുംബാംഗങ്ങൾ ഫോണിൽ വിളിച്ചു. മെഡിക്കൽ കോളജിൽ ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി. ആ രാത്രിയിൽ തന്നെ മണിക്കൂറുകൾ നീണ്ട ആദ്യ ശസ്ത്രക്രിയ നടത്തി. വീണ്ടും ശസ്ത്രക്രിയകൾ. പ്ലാസ്റ്റിക് സർജറി. മരണത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള ആ യാത്ര മന:സ്ഥൈര്യത്തോടെ വിദ്യ നേരിട്ടു. മികച്ച നിലയിൽ മെഡിക്കൽ കോളേജ് വിദ്യയ്ക്ക് ചികിത്സ നൽകി. മുറിഞ്ഞ് മാറിയ ഞരമ്പുകളിലൂടെ വീണ്ടും രക്തം ഒഴുകാൻ തുടങ്ങി. 

ആശുപത്രി ചികിത്സ കഴിഞ്ഞ് മകന്റെ കൈപിടിച്ച് ഇനി എന്ത് ചെയ്യണമെന്നറിയാതെ വിദ്യ പകച്ചപ്പോൾ വനിത വികസന കോർപറേഷനിൽ താത്കാലിക ജോലി നൽകി. കഴിഞ്ഞ ദിവസം 'എന്‍റെ കേരളം' പ്രദർശന വിപണന മേളയിൽ വച്ച് വിദ്യയെ വീണ്ടും കണ്ടു. ദുഃഖങ്ങൾക്ക് മീതെ വിദ്യയുടെ മുഖത്ത് ഇപ്പോൾ പുഞ്ചിരി വിടർന്നിട്ടുണ്ട്. തളരരുത് ധൈര്യത്തോടെ മുന്നോട്ട് എന്ന് വിദ്യ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം