Asianet News MalayalamAsianet News Malayalam

ശ്രാവസ്തി കവിതാ പുരസ്കാരം ശൈലന്റെ 'രാഷ്ട്രമീ_മാംസ'യ്ക്ക്

ഇരുപത്തയ്യായിരത്തൊന്നു (25,001) രൂപയും റാസി രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

Rashtramee mamsa by shylan gets shravasti poetry award afe
Author
First Published Jan 16, 2024, 12:05 PM IST

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ മലയാളവിഭാഗം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും കൂട്ടായ്മയായ ‘ശ്രാവസ്തി’ മലയാള വിഭാഗത്തിലെ അധ്യാപകനും ചിന്തകനും കലാകാരനുമായിരുന്ന ഡോ. പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഒന്നാമത് ശ്രാവസ്തി കവിതാപുരസ്കാരം ശൈലന്.

ഒ.പി. സുരേഷ്  ചെയർമാനും പ്രൊഫ. സന്തോഷ് മാനിച്ചേരി,  ഡോ. ആർ. രാജശ്രീ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്. "മലയാള കവിതയിലെ അനുശീലനങ്ങളോട് ചേർന്നു പോവാത്ത വേറിട്ട സഞ്ചാരങ്ങളാണ് ശൈലന്റെ കവിതകൾ. ഭാഷയ്ക്കകത്ത് സാധ്യമാവുന്ന ഏതുതരം വ്യവഹാരങ്ങളേയും കാവ്യഭാഷയുടെ ഭാഗമാക്കി മാറ്റാനാവുന്ന വഴക്കം ആ കവിതകൾക്കുണ്ട്. സമകാലത്തോടുള്ള സൂക്ഷ്മവും രാഷ്ട്രീയഭരിതവുമായ പ്രതികരണങ്ങളാണ് 
രാഷ്ട്രമീ-മാംസ എന്ന സമാഹാരത്തിലെ കവിതകൾ. ആത്മബോധത്തിന്റെ എതിർനിലകളായി വരുന്ന, വൈവിധ്യമാർന്ന അധികാരരൂപങ്ങളുടെ നേർക്കുള്ള സറ്റയറുകളായി അവ പ്രവർത്തിക്കുന്നു. 

മലയാള കവിതയുടെ പ്രവൃത്തി മണ്ഡലത്തെ വികസ്വരമാക്കുന്ന രാഷ്ട്രമീ-മാംസ എന്ന കവിതാസമാഹാരത്തിന് പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർത്ഥമുള്ള പ്രഥമ ശ്രാവസ്തി കവിതാപുരസ്ക്കാരം സമർപ്പിക്കുന്നു. " ജൂറി അഭിപ്രായപ്പെട്ടു. ഇരുപത്തയ്യായിരത്തൊന്നു (25,001) രൂപയും റാസി രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ജനുവരി 16ന് സംസ്കൃത സർവകലാശാല കൊയിലാണ്ടി കാമ്പസിൽ നടക്കുന്ന പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണ സമ്മേളനത്തിൽ ഡോ. പ്രദീപൻ പാമ്പിരികുന്നിന്റെ പ്രിയതമയും കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ് മലയാള വിഭാഗം അധ്യാപികയുമായ ഡോ. സജിത കിഴിനിപ്പുറത്ത് അവാർഡ് സമ്മാനിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios