കഴിഞ്ഞ ദിവസം റാന്നിയിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയിൽ 41 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 

പത്തനംതിട്ട: ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസം റാന്നിയിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയിൽ 41 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 

എലിപ്പനി, ഡങ്കു, എച്ച്‍വൺ എൻ‍വൺ എന്നീ രോ​ഗങ്ങൾ ജില്ലയിൽ വ്യാപകമായി പടരുന്നതായി റിപ്പോർട്ട് ചെയ്തു. എച്ച്‍വൺ എൻ‍വൺ ബാധിച്ച് ഇതുവരെ രണ്ടുപേരും ഡങ്കിപ്പനി ബാധിച്ച് രണ്ടുപേരും മരിച്ചു. ഡങ്കു 59 പേർക്ക് സ്ഥിരീകരിച്ചപ്പോൾ 17 പേർ എച്ച്‍വൺ എൻ‍വണ്ണിന് ചികിത്സ തേടി. ദിവസവും 500-ൽ അധികം പേർ പനിക്ക് ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നുണ്ട്. 

അതേസമയം, എല്ലാ ആശുപത്രികളും പനി ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. പനി പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചെങ്കിലും കാലവസ്ഥയിലുണ്ടായ മാറ്റവും പനി പടരാൻ കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ മലേറിയയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മാലിന്യ നീക്കം പലയിടത്തും തടസ്സപ്പെട്ടതും പകർച്ചവ്യാധികൾ പടരാനിടയാക്കുന്നുണ്ട്. പത്തനംതിട്ട നഗരസഭയിൽ ഉൾപ്പെടെ മാലിന്യ നീക്കം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണെന്നും പത്തനംതിട്ട ഡിഎംഒ എഎൽ ഷീജ പറഞ്ഞു.