കൊല്ലങ്കോട് സ്വദേശി അജിൻ, ഉച്ചക്കട സ്വദേശി സൈമൺ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സ്കോർപ്പിയയിലും പിക്കപ്പിലുമായിരുന്നു അരി കടത്താൻ ശ്രമിച്ചത്.

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പൊലീസ് പിടികൂടി. തമിഴ്നാട്- കേരള അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരു ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ടണ്‍ അരിയാണ് പാറശാല പൊലീസ് പിടികൂടിയത്. രണ്ടു വാഹനങ്ങളിലായി അരി കടത്തിയ രണ്ടു പ്രതികളെയും പൊലീസ് പിടികൂടി. കൊല്ലംങ്കോട് സ്വദേശി അജിൻ, ഉച്ചക്കട സ്വദേശി സൈമണ്‍ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ പാവപ്പെട്ടവർക്ക് നൽകുന്ന അരിയാണ് സ്വകാര്യ ഗോഡൗണിലേക്ക് കടത്തി ബ്രാൻഡഡ് അരിയാക്കുന്നതെന്നാണ് പൊലീസിൻെറ സംശയം. ഇത് കേരളത്തിൽ നിന്നും കടത്തിയ അരിയാണോയെന്ന് വ്യക്തമാകണമെങ്കിൽ സപ്ലൈ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും പൊലീസ് പറയുന്നു. 

കേരളത്തിന് കൂടുതൽ മണ്ണെണ്ണ അനുവദിച്ചു 

കേരളത്തിന് കേന്ദ്രം 20,000 കിലോ ലിറ്റർ മണ്ണെണ്ണ (Kerosene) അനുവദിച്ചു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന സംസ്ഥാന ഭക്ഷ്യ മന്ത്രി ജി ആർ അനിലിൻ്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വർ തേലി കൂടുതൽ മണ്ണെണ്ണ അനുവദിച്ചത്. എന്നാൽ വില ലിറ്ററിന് 81 രൂപയിൽ കുറയില്ല. അതേസമയം അധിക മണ്ണെണ്ണ ലഭിക്കുന്നതോടെ പതിവുപോലെ വിഹിതം നൽകാൻ സംസ്ഥാനത്തിന് സാധിക്കും. 

കേന്ദ്ര മന്ത്രാലയം ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരുകയും സംസ്ഥാനത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. എണ്ണക്കമ്പനികളുമായി സംസാരിച്ച് കഴിഞ്ഞ വർഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാൻസായി നൽകാൻ നടപടി സ്വീകരിക്കുവാനും മന്ത്രാലയം നിർദ്ദേശിച്ചു. ഉപഭോക്താക്കൾക്ക് പതിവ് വിഹിതം ലഭിക്കും. പക്ഷേ, മണ്ണെണ്ണ ലിറ്ററിന് 81 രൂപ തന്നെ നൽകണം. 

മണ്ണെണ്ണ വില വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നും സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന് അനുവദിച്ച പാദ വാർഷിക മണ്ണെണ്ണ ക്വാട്ട ഘട്ടം ഘട്ടമായി കേന്ദ്ര സർക്കാർ വെട്ടികുറച്ചിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള സബ്സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതൽ 60 ശതമാനം വരെ കുറഞ്ഞു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്ര പെട്രോളിയം സഹ മന്ത്രിയുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.