ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയം റദ്ദ് ചെയ്ത് അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം നല്‍കുന്നതിന്റെ ഭാഗമായാണ് ആദ്യ ഘട്ട ഹിയറിങിന് ദേവികുളം താലൂക്ക് ഓഫിസില്‍ തുടക്കമായത്.
ഇടുക്കി: രവീന്ദ്രന്‍ പട്ടയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേവികുളം താലൂക്ക് ഓഫിസില്‍ ഹിയറിങ് ആരംഭിച്ചു. മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ എന്നീ വില്ലേജുകളിലെ പട്ടയ ഉടമകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഹിയറിങ്ങ് നടത്തിയത്.വരും ദിവസങ്ങളില്‍ കൂടുതല്‍ വില്ലേജുകളില്‍ ഹിയറിംഗ് നടത്തുന്നതിനാണ് റവന്യു വകുപ്പ് ലക്ഷ്യമിടുന്നത്.
ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയം റദ്ദ് ചെയ്ത് അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം നല്‍കുന്നതിന്റെ ഭാഗമായാണ് ആദ്യ ഘട്ട ഹിയറിങിന് ദേവികുളം താലൂക്ക് ഓഫിസില്‍ തുടക്കമായത്. മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ വില്ലേജുകളില്‍ രവീന്ദ്രന്‍ പട്ടയം ലഭിച്ച 37 പേരാണു ഇന്ന് ഹിയറിങില്‍ പങ്കെടുത്തത്. തങ്ങളുടെ പട്ടയങ്ങള്‍ പുനഃക്രമീകരിച്ച് യഥാര്‍ത്ഥ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഹിയറിംഗില്‍ പങ്കെടുത്ത പട്ടയ ഉടമകള്‍ പറഞ്ഞു.
ഇവരെക്കൂടാതെ ഇപ്പോള്‍ ഈ ഭൂമി കൈവശം വച്ചിരിക്കുന്ന 54 പേര്‍ക്കും ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ റവന്യു വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇവര്‍ ഭൂമി സംബന്ധിച്ച രേഖകളുമായി ഹാജരാകണം.14ന് കുഞ്ചിത്തണ്ണി വില്ലേജില്‍ രവീന്ദ്രന്‍ പട്ടയമുള്ള 43 പേര്‍ക്കായി കുഞ്ചിത്തണ്ണിയില്‍ ഹിയറിങ് നടത്തും. രവീന്ദ്രന്‍ പട്ടയം നല്‍കിയ ബാക്കി 7 വില്ലേജുകളിലെയും പട്ടയ ഉടമകളുടെയും നിലവിലെ വസ്തു ഉടമസ്ഥരുടെയും വിവരങ്ങള്‍ റവന്യു വകുപ്പ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
9 വില്ലേജുകളിലെയും രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ ശേഷമായിരിക്കും പുതിയ പട്ടയം നല്‍കുന്നതിന് നടപടികള്‍ തുടങ്ങുന്നത്. ഇതിനായി 41 ജീവനക്കാരെ അധികം നിയമിച്ചിട്ടുണ്ട്. 45 ദിവസം കൊണ്ട് നടപടി പൂര്‍ത്തിയാക്കണമെന്നു കാണിച്ചാണ് ജനുവരി 18ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഇത്രയും ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
