Asianet News MalayalamAsianet News Malayalam

മൂന്ന് വർഷം മുമ്പ് പണിത താലൂക്ക് ഓഫിസ് കെട്ടിടം ഇടിഞ്ഞുവീഴുന്നു; അറ്റകുറ്റപ്പണികള്‍ തുടങ്ങി

2011ല്‍ വിഎസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ പണി 2016 ഫെബ്രുവരിയിലാണ് പൂര്‍ത്തിയാക്കിയത്. 

re construction of kollam taluk office building
Author
Kollam, First Published Oct 18, 2019, 6:07 PM IST

കൊല്ലം: നിര്‍മ്മാണത്തിലെ അപാകതമൂലം ഇടിഞ്ഞുവീണു തുടങ്ങിയ കൊല്ലം താലൂക്ക് ഓഫിസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങി. അഞ്ചരക്കോടി രൂപ ചെലവില്‍ മൂന്നര വര്‍ഷം മുമ്പാണ് സംസ്ഥാന കണ്‍സ്ട്രക്ഷൻ കോര്‍പറേഷൻ കെട്ടിടം നിര്‍മ്മിച്ച് കൈമാറിയത്.

2011ല്‍ വിഎസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ പണി 2016 ഫെബ്രുവരിയിലാണ് പൂര്‍ത്തിയാക്കിയത്. സംസ്ഥാന കണ്‍സ്ട്രക്ഷൻ കോര്‍പറേഷന് നിര്‍മ്മാണ ചുമതലയും കാരാവീട്ടില്‍ എന്‍ജിനിയേഴ്സിന് ഉപകരാറുമുണ്ടായിരുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തില്‍ ഗുരുതര പാളിച്ചകളാണ് കണ്ടെത്തിയത്. കെട്ടിടത്തിനു മുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കോണ്‍ക്രീറ്റ് മുഴുവൻ ഇളകിത്തുടങ്ങിയിരിക്കുകയാണ്.

സ്റ്റെയര്‍കേസ് മുറിയുടെ മേല്‍ക്കൂര ഇടിഞ്ഞു വീണു. ഉപ്പുരസമുള്ള മണലാണോ പൂശാന്‍ ഉപയോഗിച്ചതെന്നാണ് സംശയം. പഴയ തുണികളും പ്ലാസ്റ്റിക് കുപ്പികളും നിരത്തിയശേഷം അല്‍പം സിമന്‍റ് മാത്രം ചേര്‍ത്താണ് ശുചിമുറികളില്‍ ടൈല്‍ പാകിയിരിക്കുന്നത്. ഇത് പൊട്ടിപ്പൊളിഞ്ഞതോടെ വീണ്ടും ടൈല്‍ പാകിയിരുന്നു. ജനലുകള്‍ പലതും ഇളകി വീഴാറായ അവസ്ഥയിലാണ്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫാൻ സ്ഥാപിക്കുന്നതിനുള്ള ഹുക്കുകൾ ഉറപ്പിച്ചത്. ബലമില്ലാത്ത അവസ്ഥയില്‍ ഫാനുകള്‍ ഇളകി വീഴുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.

സ്ത്രീകളുടെ ശുചിമുറിക്ക് മുന്നിൽ വാതില്‍ പോലും സ്ഥാപിക്കാതെയാണ് പുരുഷൻമാരുടെ ടോയ്‍ലറ്റും സ്ഥാപിച്ചിരിക്കുന്നത്. കെട്ടിടം പൊളിഞ്ഞു തുടങ്ങിയതോടെ സംഭവം വിവാദമായി. ഇതേത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശ പ്രകാരം അടിയന്തര അറ്റകുറ്റപ്പണികള്‍ തുടങ്ങുകയായിരുന്നു. അതേസമയം സര്‍ക്കാര്‍ നല്‍കിയ പദ്ധതി രൂപ രേഖ അനുസരിച്ചായിരുന്നു നിര്‍മ്മാണമെന്നും, നിര്‍മ്മാണത്തില്‍ അപാകതയില്ലെന്നുമാണ് ഉപകരാര്‍ ഉണ്ടായിരുന്ന കാരാവീട്ടില്‍ എന്‍ജിനിയേഴ്സിന്‍റെ വിശദീകരണം. 

Follow Us:
Download App:
  • android
  • ios