കോഴിക്കോട് : യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി മത്സരിക്കുന്ന സ്ഥാനാര്‍ഥിയെയടക്കം ആറ് പേരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കൊടുവള്ളി നഗരസഭയിലെ ഡിവിഷന്‍ 18 കരുവന്‍പൊയില്‍ ഈസ്റ്റില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന പൊയിലില്‍ തമീമിനെയാണ് പുറത്താക്കിയത്.

ഇദ്ദേഹത്തിനായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന കേളന്‍പറമ്പില്‍ കെപി റഷീദ്, പിപി അബൂബക്കര്‍ വയലില്‍, കെ ഇല്ല്യാസ് കൊടക്കാട്ട്, പിപി റഷീദ്, ഫൈസല്‍ പി പൊയലില്‍ എന്നിവരെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായും ഡിസിസി പ്രസിഡന്റ് യു രാജീവന്‍ അറിയിച്ചു. കൊടുവള്ളി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ ടികെപി.അബുബക്കറാണ് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

ഡിവിഷനില്‍ വിമത പ്രവര്‍ത്തനം സംബന്ധിച്ച് ടികെപി അബൂബക്കര്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതെ ഡിവിഷനില്‍ തമീമിന്റെ ഭാര്യ രജിഷ തമീം കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന ഷീബ രവിന്ദ്രനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.