ഒരു സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കി എൽ.ഡി.എഫ് സർക്കാർ റെക്കോർഡ് നേട്ടം കൈവരിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു.
തിരുവനന്തപുരം: റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിൽ സംസ്ഥാന സർക്കാർ റെക്കോർഡ് നേട്ടം കൈവരിച്ചതായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒരു സർക്കാരിന്റെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മേൽപ്പാലങ്ങൾ പൂർത്തീകരിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. എ.പി. അനില്‍കുമാർ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
വാണിയമ്പലം റെയിൽവേ മേൽപാലം
വാണിയമ്പലം റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണച്ചുമതല ആദ്യഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആർ.ബി.ഡി.സി.കെ-യെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ, റെയിൽവേയുടെ 100 ശതമാനം ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തിയായതിനാൽ നിർമ്മാണച്ചുമതല കേരള റെയിൽവേ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കെ.ആർ.ഡി.സി.എൽ) നൽകണമെന്ന് റെയിൽവേ അറിയിച്ചു. തുടർന്ന് നിർമ്മാണച്ചുമതല കെ.ആർ.ഡി.സി.എൽ-നെ ഏൽപ്പിച്ചതായും മന്ത്രി പറഞ്ഞു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിവരികയാണ്.
കേരളത്തിലെ റോഡുകളിൽ തടസമില്ലാത്ത യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിക്ക് രൂപം നൽകിയത്. ഇതിന്റെ ഭാഗമായി 99 റെയിൽവേ ഓവർ ബ്രിഡ്ജുകൾ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ 23 എണ്ണം കേന്ദ്രസർക്കാരുമായി ചേർന്ന് നടപ്പാക്കാനും തീരുമാനിച്ചു.
സംസ്ഥാന സർക്കാർ ഒമ്പത് റെയിൽവേ ഓവർ ബ്രിഡ്ജുകൾ ഇതിനോടകം പൂർത്തിയാക്കി. കാഞ്ഞങ്ങാട്, കൊടുവള്ളി, ഫറോക്ക്, തിരൂർ, ഗുരുവായൂർ, ചിറങ്ങര, മുളന്തുരുത്തി, കാരിത്താസ്, മാളിയേക്കൽ എന്നീ മേൽപ്പാലങ്ങളാണ് പൂർത്തീകരിച്ചത്. ഇത് കേരള ചരിത്രത്തിലെ സർവ്വകാല റെക്കോർഡാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ഏഴ് റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നുണ്ട്. കൂടാതെ എട്ട് പാലങ്ങളുടെ നിർമ്മാണം ഈ വർഷം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി സഭയെ അറിയിച്ചു.


