തിരുവനന്തപുരം: രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യണമെങ്കില്‍ മാനവിക മൂല്യങ്ങളുടെ വീണ്ടെടുക്കലിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും പീപ്പിൾ ആർക്കൈവ്സ് ഓഫ് റൂറൽ ഇന്ത്യയുടെ സ്ഥാപക എഡിറ്ററുമായ പി. സായ്നാഥ് അഭിപ്രായപ്പെട്ടു. കൃഷിയിൽ നിന്നും കൃഷി വ്യവസായത്തിലേക്കുള്ള മാറ്റവും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഇടപെടലുകളും രാജ്യത്തെ കാർഷിക മേഖലയെ കൂട്ടക്കൊലയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയിൽ ശരത്ചന്ദ്രൻ അനുസ്മരണ പ്രഭാഷണം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ കർഷക ആത്മഹത്യകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും ഔദ്യോഗിക കണക്കുകളെക്കാൾ അധികം മൂടിവയ്ക്കപ്പെട്ടവയാണ് ഇതുസംമ്പന്ധിച്ച് പുറത്തെത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാൽപ്പതിനായിരത്തോളം വരുന്ന ആദിവാസി കർഷക സമൂഹം മുംബൈ നഗരത്തിലേക്ക് നടത്തിയ ലോങ് മാർച്ച് ഈ നൂറ്റാണ്ടിലെ കർഷക മുന്നേറ്റങ്ങളിൽ വച്ചേറ്റവും സുന്ദരമായ കാഴ്ചയാണെന്നും ഇത്തരം മുന്നേറ്റങ്ങളില്‍ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടാക്കുന്നെന്നും പി.സായ്നാഥ് പറഞ്ഞു. 

മുംബൈയിലെ ആസാദ് മൈതാനിയിലേക്കും ഡൽഹിയിലെ രാം ലീലാ മൈതാനിയിലേക്കും കർഷകരെത്തേടിയെത്തിയ വിദ്യാർത്ഥികളും നഗരവാസികളും തന്‍റെ പ്രതീക്ഷകളാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ കുടുംബശ്രീ കൂട്ടായ്മയുടെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും പറഞ്ഞു.
 
കൈരളിയിൽ സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ പ്രദർശിപ്പിച്ച മാത്യു റോയിയുടെ ദി ഡിസ്പൊസസ്സ്ഡ് എന്ന ചിത്രത്തിന്‍റെ പ്രദർശനത്തേത്തുടർന്ന് നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ വ്യാവസായികവത്കരണം കാർഷിക മേഖലയിലുണ്ടാക്കിയ പ്രശ്നങ്ങളാണ് പി.സായ്നാഥ് ചർച്ച ചെയ്തത്.