കല്‍പ്പറ്റ: തിരുനെല്ലി വനമേഖലയില്‍ താമസിക്കുന്ന 31 കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിന് പുറത്തേക്ക്  പുനരധിവസിപ്പിക്കും. മധ്യപാടി പുനരധിവാസ കോളനിക്ക് സമീപത്തായി വനംവകുപ്പ് നിര്‍ദേശിച്ച അഞ്ച് ഹെക്ടര്‍ ഭൂമിയിലായിരിക്കും കുടുംബങ്ങളെ പുനരധിവസിപ്പിക്കുക. ഗാജഗഡിയിലെ 21 കുടുംബങ്ങളും മല്ലികപാറയിലെ 10 കുടുംബങ്ങളുമാണ് പുനരധിവാസത്തിന് സ്വയം സന്നദ്ധരായിരിക്കുന്നത്. ഭൂമി വിട്ടു നല്‍കുന്നതിനുളള അനുമതി ലഭ്യമാക്കാന്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ഉത്തരമേഖ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 

കുടുംബങ്ങള്‍ സ്വയം സന്നദ്ധ പുനരധിവാസത്തിന് തയ്യാറാവുകയും അനുയോജ്യമായ സ്ഥലം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നരിക്കല്‍ മിച്ചഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍തലത്തില്‍ പരിഹാരം തേടാനും ജില്ലാഭരണകൂടം തീരുമാനിച്ചു. നരിക്കല്‍ മിച്ചഭൂമിയില്‍ 200 ഓളം കുടുംബങ്ങള്‍ക്കാണ് പട്ടയമില്ലാത്തത്. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ, സംയോജിത ആദിവാസി വികസനം, വനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.