കള്ളാടി വാഴക്കാല എസ്‌റ്റേറ്റില്‍ 11.40 ഏക്കര്‍ ഭൂമി കണ്ടെത്തി നൂറ് വീടുകള്‍ അടങ്ങുന്ന ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാക്കാനാണ് ജില്ലാഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും തീരുമാനം

കല്‍പ്പറ്റ: കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീടുകള്‍ നഷ്ടമായ പുത്തുമലക്കാര്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ടൗണ്‍ഷിപ്പ് പദ്ധതി. ഇതിനായി കള്ളാടി വാഴക്കാല എസ്‌റ്റേറ്റില്‍ 11.40 ഏക്കര്‍ ഭൂമി കണ്ടെത്തി നൂറ് വീടുകള്‍ അടങ്ങുന്ന ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാക്കാനാണ് ജില്ലാഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും തീരുമാനം. ജില്ലാമണ്ണ് സംരക്ഷണ വിഭാഗത്തിന്റെ പരിശോധനയില്‍ ഈ പ്രദേശം വാസയോഗ്യമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഇനി എസ്‌റ്റേറ്റ് ഭൂമി തരംമാറ്റി നല്‍കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിനെ സമീപിക്കണം. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എയുടെയും ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെയും നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആധൂനിക രീതിയിലാണെങ്കില്‍ പ്രകൃതിയോടിണങ്ങുന്ന തരത്തിലുള്ള നിര്‍മാണങ്ങളായിരിക്കും ടൗണ്‍ഷിപ്പില്‍ നടപ്പാക്കുക. സോളാര്‍ സംവിധാനം, മഴവെള്ള സംഭരണി എന്നിവ ഒരുക്കും. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കും.

എട്ടുമാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുന്ന തരത്തില്‍ പദ്ധതി നിര്‍വഹണ ചുമതല പഞ്ചായത്തിനെ ഏല്‍പ്പിക്കണമെന്ന ആവശ്യം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് യോഗത്തില്‍ ഉന്നയിച്ചു. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 103 കുടുംബങ്ങളാണ് പുനരധിവാസ പട്ടികയിലുള്ളത്. ഇതില്‍ 20 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അവശേഷിക്കുന്നവര്‍ക്കാണ് വാഴക്കാല എസ്‌റ്റേറ്റില്‍ പുനരധിവാസം സാധ്യമാക്കുക. പുത്തുമല ദുരന്ത ബാധിത പ്രദേശത്തുള്ള മുഴുവന്‍ പേരെയും ടൗണ്‍ഷിപ്പില്‍ പുനരധിവസിപ്പിച്ചതിനു ശേഷം അവശേഷിക്കുന്ന വീടുകളില്‍ അടുത്ത പ്രദേശങ്ങളിലുള്ളവരെ കൂടി പരിഗണിക്കും. എസ്‌റ്റേറ്റ് ഭൂമി തരംമാറ്റി കിട്ടുന്ന പ്രശ്‌നമാണ് നിലവില്‍ പഞ്ചായത്തിനു മുന്നിലുള്ളത്. സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ പ്രവൃത്തി ഉടന്‍ തുടങ്ങാന്‍ ആകുമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.