ഇടുക്കി: എഴുപതുപേരുടെ ജീവന്‍ കവര്‍ന്നെടുത്ത ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പിരിഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനയിലാണ് പെട്ടിമുടി. കഴിഞ്ഞ ആറാം തീയതി രാത്രി 10.45 ന് നടന്ന അപകടത്തിന്റെ ഓര്‍മ്മയില്‍ നിന്ന് പെട്ടിമുടി ഇനിയും മോചിതമായിട്ടില്ല. 

ഹൈന്ദവ ആചാരപ്രകാരം 30ാം ദിവസം നടത്തുന്ന ചടങ്ങുകള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്ന്, മരിച്ചവരുടെ ബന്ധുക്കള്‍ പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്. ദുരന്തസമയത്ത് എത്തുവാന്‍ സാധിക്കാത്ത നിരവധി പേര്‍ ഈ ചടങ്ങുകളിലെങ്കിലും പങ്കെടുക്കാനുള്ള ആഗ്രഹത്തോടെയാണ് എത്തുന്നത്. മരിച്ചവരെ സംസ്‌കരിച്ച സ്ഥലത്ത് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ വികാരം നിയന്ത്രിക്കാനാവാതെ നിരവധി പേര്‍ പൊട്ടിക്കരഞ്ഞു. 

മരിച്ചവരുടെ ഇഷ്ടപ്പെട്ട ഭക്ഷണവസ്തുക്കള്‍ മണ്‍കൂനയ്ക്ക് മുകളില്‍ വച്ച് പ്രാര്‍ത്ഥിക്കാനെത്തിയവരും നിരവധി പേരായിരുന്നു. രാജമലയ്ക്ക് സമീപം മൂന്നിടങ്ങളിലായാണ് മരിച്ച 66 പേരെയും സംസ്‌കരിച്ചിട്ടുള്ളത്. കൊവിഡ് പ്രൊട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുചടങ്ങുള്‍ ഇല്ലാതെ ബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകള്‍ നടത്തുന്നത്.