കുന്നുമ്മയിലെ വീട്ടില്‍ അമ്പിളിയുടെ പിതാവ് തങ്കപ്പനും ഇദ്ദേഹത്തിന്റെ മൂന്നാം ഭാര്യ ഷീബയുമാണുള്ളത്. ഷീബ പതിവായി അമ്പിളിയെ ഉപദ്രവിക്കാറുണ്ടെന്നാണ് ബന്ധുക്കളും പരിസരവാസികളും പറയുന്നത്.

അമ്പലപ്പുഴ: ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ. തകഴി പഞ്ചായത്ത് പത്താം വാർഡ് കുന്നുമ്മ അമ്പിളി ഭവനത്തിൽ അമ്പിളി(42)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പിളിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭര്‍ത്താവ് രാജേഷാണ് പൊലീസില്‍ പരാതി നല്‍കിയത്

 വർഷങ്ങളായി അപസ്മാര ബാധയുള്ള അമ്പിളിയെ നാല് വർഷം മുൻപ് കാക്കാഴം സ്വദേശിയായ ഭര്‍ത്താവ് രാജേഷ് കുന്നുമ്മയിലെ വീട്ടിൽ തിരിച്ച് കൊണ്ടുവിട്ടിരുന്നു. കുന്നുമ്മയിലെ വീട്ടില്‍ അമ്പിളിയുടെ പിതാവ് തങ്കപ്പനും ഇദ്ദേഹത്തിന്റെ മൂന്നാം ഭാര്യ ഷീബയുമാണുള്ളത്. ഷീബ പതിവായി അമ്പിളിയെ ഉപദ്രവിക്കാറുണ്ടെന്നാണ് ബന്ധുക്കളും പരിസരവാസികളും പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി അമ്പിളിയെ കാണാനില്ലായിരുന്നു. ഇതിനിടയിൽ ഇന്നലെ ഉച്ചയോടെ തങ്കപ്പനും മറ്റുള്ളവരും ചേർന്ന് അമ്പിളിയുടെ മൃതദേഹം എത്തിച്ച് സംസ്കരിക്കാനൊരുങ്ങി. ഇതോടെ മറ്റ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് സംസ്കാരം തടഞ്ഞു.

മരണ വിവരമറിഞ്ഞ് എത്തിയ ഭർത്താവ് രാജേഷ് നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ചേർത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമ്പിളിയെന്ന് തങ്കപ്പനെ ചോദ്യം ചെയ്തതിൽ നിന്ന് മനസ്സിലായതായി പോലീസ് പറഞ്ഞു.

എന്നാൽ മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ അറിയാൻ കഴിയു എന്നും പോലീസ് വ്യക്തമാക്കി. അമ്പിളിയുടെ ദുരൂഹ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.