നെല്ലെടുപ്പിലെ കേന്ദ്ര താങ്ങുവില വിഹിതമായി 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

തിരുവനന്തപുരം: നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോള്‍ നെല്ലുവില നല്‍കുന്നത്. ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും നെല്ലുവില മുഴുവനും കൊടുത്തുതീര്‍ക്കാനാകും. 209 കോടി രൂപ ഇന്ന് റിലീസ് ചെയ്യുമെന്ന് കേന്ദ്രത്തില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചു. മന്ത്രിയെന്ന നിലയില്‍, ഡല്‍ഹിയില്‍ കേന്ദ്രഭക്ഷ്യമന്ത്രിയെ സന്ദര്‍ശിച്ചു നിവേദനം നല്‍കുകയും നിരന്തരം കത്തുകള്‍ അയക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായാണു തുക അനുവദിച്ചിരിക്കുന്നത്. ഒട്ടും വൈകാതെ നെല്ലു വില പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ ഉറപ്പു പാലിക്കാന്‍ അവധി ദിവസങ്ങളിലടക്കം കര്‍ഷകരുടെ അക്കൗണ്ടിലേക്കു വില ലഭ്യമാക്കുകയാണെന്നും മന്ത്രി അറിയിച്ചു.