തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നാല് കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി.
പത്തനംതിട്ട: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി വി മകൻ അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്‌പി മഞ്ജുനാഥിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വില്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെ കുത്തിയതോട് പോലീസും ജില്ലാ ലഹരി വിരുദ്ധ സേനയും സംയുക്തമായാണ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കുത്തിയതോട് പൊലീസ് സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസര്‍മാരായ കിഷോർചന്ദ്, അനൂബ്, രഞ്ജിത്ത്, വിജേഷ്, അമൽരാജ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


