കൊല്ലം ശക്തികുളങ്ങര കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ജീവനക്കാർ ചേർന്ന് അര മണിക്കൂറിനുള്ളിൽ കണക്ഷൻ ലഭ്യമാക്കി.
കൊല്ലം: വൈദ്യുത കണക്ഷൻ ലഭിക്കാൻ എന്താണു വഴി എന്ന ചോദ്യവുമായി കെ എസ് ഇ ബി ഓഫീസിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ അത്ഭുതപ്പെടുത്തി കെ എസ് ഇ ബി ജീവനക്കാർ. കാൻസർ രോഗിയായ അച്ഛൻ മഞ്ഞപ്പിത്തം പിടിപെട്ട് ആശുപത്രിയിലാണെന്നും ബന്ധുക്കൾ വാടകയ്ക്ക് നൽകിയ വീട്ടിലേക്ക് അദ്ദേഹത്തെ കൊണ്ടുവരണമെങ്കിൽ വൈദ്യുതി കണക്ഷൻ കൂടിയേ തീരൂ എന്നുമാണ് ബെന്നി ജോസഫ്
കൊല്ലം ശക്തികുളങ്ങര കെ എസ് ഇ ബി സെക്ഷൻ ഓഫീസിലെത്തി പറഞ്ഞത്.
ബെന്നിയുടെ ബുദ്ധിമുട്ടുകൾ മനസ്സിലായ സെക്ഷൻ ഓഫീസ് ജീവനക്കാർ ഉടൻ തന്നെ അവശ്യം വേണ്ട രേഖകൾ സ്വീകരിച്ചുകൊണ്ട് കണക്ഷനുള്ള അപേക്ഷ സ്വീകരിച്ചു. എസ്റ്റിമേറ്റ് ഉടൻ തന്നെ തയ്യാറാക്കി ജീവനക്കാർ തന്നെ പിരിവെടുത്ത് ആ തുക അടച്ചു. കേവലം അര മണിക്കൂറിനുള്ളിൽ ആ വീട്ടിലെത്തി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ സിജയുടെ സാന്നിധ്യത്തിൽ കണക്ഷൻ നൽകുകയും ചെയ്തു.
സെക്ഷൻ ഓഫീസ് ജീവനക്കാരായ സന്തോഷ് ജി, ശരത്, സണ്ണി, ശൈലേഷ്, പീറ്റർ, സതീഷ്, സിയാദ്, ശ്രീക്കുട്ടൻ, സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ എല്ലാ ജീവനക്കാരുടെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെയാണ് എത്രയും വേഗം കണക്ഷൻ ലഭ്യമാക്കാൻ കഴിഞ്ഞത്.


