കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ താത്കാലികമായി നിര്‍ത്തി. കനത്ത മഴ കാരണം രക്ഷാപ്രവര്‍ത്തനം നടത്താനാകാത്ത അവസ്ഥ വന്നതോടെയാണ് ഇപ്പോള്‍ തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

എത്രയും വേഗം ഇത് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. രാവിലെ തെരച്ചില്‍ ആരംഭിച്ചെങ്കിലും അപ്പോള്‍ മുതല്‍ കനത്ത മഴ തടസം സൃഷ്ടിക്കുന്നുണ്ടായിരുന്നു. അതേസമയം, കക്കയം ഡാമില്‍ നിന്നും വെള്ളം തുറന്നു വിടുകയും കനത്ത മഴ ശക്തിയായി തുടരുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്.

ഇതുവരെ വെള്ളം കയറാത്ത നിരവധി പ്രദേശങ്ങളില്‍ ഇതാദ്യമായി ഇന്നലെ രാത്രിയോടെ വെള്ളപ്പൊക്കമുണ്ടായി.  മാവൂരില്‍ രണ്ടായിരം പേരും കുന്ദമംഗലത്ത് മുന്നൂറ് പേരും കുടുങ്ങി കിടക്കുന്നതായാണ് വിവരം.

മാവൂര്‍ മേഖലയില്‍ രോഗബാധിതരായ ആളുകളെ സ്ട്രക്ച്ചറില്‍ കിടത്തി നാട്ടുകാര്‍ പുറത്ത് കൊണ്ടു വന്നു. ആംബുലന്‍സുകള്‍ക്കോ ബോട്ടുകള്‍ക്കോ അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇതിനാല്‍ നാട്ടുകാര്‍ കാല്‍നടയായി പോയാണ് രോഗികളെ എടുത്തു വരുന്നത്.