Asianet News MalayalamAsianet News Malayalam

ജലജീവൻ പദ്ധതി വഴി വീടുകളിലേക്ക് പൈപ്പുകളെത്തി; വെള്ളം കിട്ടാക്കനിയായി മാന്നാർ - ചെന്നിത്തല നിവാസികൾ

ജലജീവൻ പദ്ധതിയിൽ പൈപ്പ് കണക്ഷൻ വീടുകളിലെല്ലാം എത്തിയെങ്കിലും മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ശുദ്ധജലത്തിനായി പലപ്പോഴും കാത്തിരിക്കേണ്ട അവസ്ഥയാണ്. 

Residents of Mannar Chennithala due to lack of drinking water
Author
First Published Nov 30, 2022, 9:48 AM IST

മാന്നാർ: കുടിവെള്ളത്തിനായി ഇന്നും നെട്ടോട്ടമോടുകയാണ് മാന്നാർ - ചെന്നിത്തല നിവാസികൾ. ജലജീവൻ പദ്ധതിയിൽ പൈപ്പ് കണക്ഷൻ വീടുകളിലെല്ലാം എത്തിയെങ്കിലും മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ശുദ്ധജലത്തിനായി പലപ്പോഴും കാത്തിരിക്കേണ്ട അവസ്ഥയാണ്. പടിഞ്ഞാറൻ മേഖലകളിലെ ജനങ്ങളാണ് ഏറെ വലയുന്നത്. പമ്പാ നദിയുടെ തീരത്തോട് ചേർന്ന വീടുകൾ ഉൾപ്പെടെ മാന്നാർ ടൗണിൽ ദിവസങ്ങളോളമാണ് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം മുടങ്ങിയത്. പന്നായിക്കടവ് തറയിൽപള്ളത്ത് ഭാഗങ്ങളിൽ വലിയ ടാങ്കുകളിൽ നിറച്ച് കൊണ്ടു വരുന്ന വെള്ളം വില കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയാണ്. 

ജലവകുപ്പ് അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു പ്രയോജനമില്ലെന്നും ഈ ദുരവസ്ഥ തുടർന്നാൽ കാലിക്കുടങ്ങളുമായി സമരത്തിന് തെരുവിലിറങ്ങാൻ നിർബന്ധിതരാകുമെന്നും നാട്ടുകാർ പറയുന്നു. പുതിയ പൈപ്പിട്ടിട്ടും പഴയ ലൈനിലൂടെ തന്നെ ജലവിതരണം നടത്തുന്നതിനാലാണ് വെള്ളത്തിന്‍റെ വരവിന് ശക്തികുറയുന്നതും പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ചെന്നിത്തല പടിഞ്ഞാറ് പാടശേഖരങ്ങളോട് ചേർന്ന നാമങ്കേരിയിലും പരിസര പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ കണക്ഷനെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. ഇവിടെ വെള്ളം മുടങ്ങുന്നത് ഒരു സ്ഥിരം പരിപാടിയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ശുദ്ധജലം മുടങ്ങുന്നതിന് കാരണമായി മോട്ടോർ തകരാറും പൈപ്പ് പൊട്ടലുമൊക്കെയാണ് അധികൃതരും പറയുന്നത്. 

കൂടുതല്‍ വായിക്കാന്‍:   പൈപ്പ് പൊട്ടി ഓടയിലെ വെള്ളം അകത്ത് കയറി, കുടിവെള്ളം 'വിഷ'വെള്ളമായി; ഒരാൾ മരിച്ചു, 94 പേർക്ക് ശാരിരിക അസ്വസ്ഥത

ഇതിനിടെ തിരക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് പണവും രേഖകളും മോഷ്ടിക്കുന്നത് പതിവാക്കിയ ആളെ പൊലീസ് പിടികൂടി. കുമാരപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ബോധി നായ്ക്കന്നൂർ അനക്കാരപ്പെട്ടി സ്വദേശിയായ അനന്തൻ (36) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 20ന് ഹരിപ്പാട് ടൗൺഹാൾ ജംഗ്ഷന് വടക്കുവശം ശബരി കൺവെൻഷൻ സെന്ററിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബാബു എന്നയാളുടെ ബൈക്കിൽ നിന്നും പണം നഷ്ടപ്പെട്ട  പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

സി സി ടി വി ദൃശ്യങ്ങളിൽ ഇയാൾ ബൈക്കിന്റെ ടാങ്ക് കവർ തുറന്നു. പണം മോഷ്ടിക്കുന്നതും ഇവിടെ പാർക്ക് ചെയ്തിരുന്ന  മറ്റു വാഹനങ്ങളിലും മോഷ്ടിക്കാൻ ശ്രമം നടത്തുന്നതും വ്യക്തമാണ്. ചോദ്യം ചെയ്യലിൽ ഓഗസ്റ്റ് മാസം റവന്യൂ ടവറിൽ പാർക്ക് ചെയ്തിരുന്ന ബാബു എന്ന ആളിന്റെ സ്കൂട്ടറിൽ നിന്നും 80,000 രൂപയും ബാങ്ക് രേഖകളും, ചേപ്പാട് ഒരു സ്ത്രീയുടെ സ്കൂട്ടറിൽ  നിന്നും 7500 രൂപ മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസിന് വ്യക്തമായി. സമാന രീതിയിലുള്ള നിരവധി മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെന്നും, ഇയാൾക്ക് കഞ്ചാവ് ബിസിനസ് ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios