കല്‍പ്പറ്റ: അമ്പലവയില്‍ സ്വകാര്യ റിസോര്‍ട്ടിലെ സുരക്ഷാജീവനക്കാരന്‍ കടച്ചിക്കുന്ന് മാമല വീട്ടില്‍ സണ്ണി (50)യുടെ  മരണം കൊലപാതകം തന്നെയെന്ന് തെളിഞ്ഞു. സംഭവത്തില്‍  സണ്ണിയുടെ സുഹൃത്ത് കടച്ചിക്കുന്ന് പള്ളിത്തൊടിക പി പി റഷീദ് (35) നെ ക അറസ്റ്റ് ചെയ്തു. പാടിവയല്‍കടച്ചിക്കുന്ന് റോഡരികില്‍ പരിക്കേറ്റ നിലയില്‍ സണ്ണിയെ കണ്ടെത്തുന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. സണ്ണിയുടെ സ്കൂട്ടറും സമീപത്തായി മറിഞ്ഞുകിടന്നിരുന്നു.ചികിത്സയിക്കിടെ തിങ്കളാഴ്ച ഉച്ചയോടെ സണ്ണി മരിച്ചു.

അപകടമരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ സണ്ണിയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നീട്  പൊലീസ് അന്വേഷണത്തില്‍ സുഹൃത്ത് പി പി റഷീദ് സണ്ണിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. കടംവാങ്ങിയ പണം തിരികെ തരാന്‍ സണ്ണി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് റഷീദിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു.