നവംബർ 30-ന് ജോലിയിൽനിന്ന് വിആർഎസ് എടുത്ത ആലപ്പുഴ കെഎസ്ഇബി സബ് എൻജിനിയർ രഘുനാഥ് തങ്കപ്പനെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം നീരേറ്റുപുറം മണിമലയാറ്റിൽ കണ്ടെത്തിയത്.

എടത്വാ: വിആർഎസ് എടുത്ത ആലപ്പുഴ കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം നീരേറ്റുപുറം മണിമലയാറ്റിൽ കാണപ്പെട്ടു. ആലപ്പുഴ വണ്ടാനം ആറ്റുപുറം രഘുനാഥ് തങ്കപ്പന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്. നവംബർ 30-ന് ജോലിയിൽനിന്ന് വിആർഎസ് എടുത്ത രഘുനാഥിനെ ഏതാനും ദിവസങ്ങളായി വീട്ടിൽനിന്ന് കാണാതായിരുന്നു. കാണാതാകുമ്പോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ വെച്ച നിലയിലായിരുന്നു. വിആർഎസ് എടുത്ത രഘുനാഥിന് സഹപ്രവർത്തകർ ഇന്ന് യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം ആറ്റിൽ പൊന്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാവിലെ 9.30ഓടെ മൃതദേഹം മണിമലയാറ്റിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു. മൃതദേഹം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ എടത്വാ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എടത്വാ സി ഐ അൻവറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തകഴിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.