പരിക്കേറ്റ് റോഡിൽ കിടന്ന നന്ദകുമാറിനെ അതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് ആശുപത്രിയിലെത്തിച്ചത്. പാലത്തിന്റെ കൈവരിയിൽ തട്ടി തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
പാലക്കാട്: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു. കുഴൽമന്ദ്ം കണ്ണാടി ഹയർസെക്കന്ററി സ്കൂളിലെ പ്രധാനധ്യാപകനായിരുന്ന കെ നന്ദകുമാറാണ് മരിച്ചത്. നന്ദകുമാറിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല. 58 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തെ പാലത്തിൽ വച്ചാണ് നന്ദകുമാറിനെ അജ്ഞാത വാഹനം ഇടിച്ചത്. പരിക്കേറ്റ് റോഡിൽ കിടന്ന നന്ദകുമാറിനെ അതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് ആശുപത്രിയിലെത്തിച്ചത്. പാലത്തിന്റെ കൈവരിയിൽ തട്ടി തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടം നടന്നതിന് പിന്നാലെ നന്ദകുമാർ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. എന്നാൽ അൽപ്പസമത്തിനുള്ളിൽ അബോധാവസ്ഥയിലായി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുത്തു. കിണാശേരിയിലെ നന്ദകുമാറിന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം സംസ്കരിച്ചു. കൊല്ലങ്കോട് പികെഡി യുപി സ്കൂൾ അധ്യാപിക അനുപമയാണ് ഭാര്യ. അജയ്, ഐശ്വര്യ എന്നിവർ മക്കളാണ്.
കോഴിക്കോട് ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴിക്ക് സമീപം പെരുമ്പടപ്പിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓമശേരി പുത്തൂർ നടമ്മൽ പൊയിൽ എളവമ്പ്രകുന്നുമ്മൽ വിനു (36) ആണ് മരിച്ചത്. ആനപ്പാപ്പാനായ വിനുവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് പെരുമ്പടപ്പ് സ്വദേശി അഖിലിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന തീർഥാടക സംഘം സഞ്ചരിച്ച ട്രാവലർ എതിർദിശയിലേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിനുവിനെയും സുഹൃത്തിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിനു രാത്രിയോടെ മരിച്ചു. പുത്തൂർ സ്വദേശിയായ വിനു കഴിഞ്ഞ ഒരു വർഷത്തിലേറെയായി മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലിൽ താമസിച്ചു വരികയായിരുന്നു. ഭാര്യമാർ: നിമിഷ,ഷിമില മക്കൾ: നവീൻ, നവനീത്, വിസ്മയ, ആറു മാസം പ്രായമായ മറ്റൊരുപെൺകുട്ടിയുമുണ്ട്.
