ജല വൈദ്യുതി പദ്ധതി നിലയങ്ങളുടെ സെപ്ഷ്യൽ ഓഫീസറായി കോർപ്പറേഷനിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച സി.ശോഭയെയാണ് നിയമിച്ചിരിക്കുന്നത്. കോർപ്പറേഷൻ കെട്ടിടത്തിൽ പ്രത്യേക മുറിയും അനുവദിച്ചിട്ടുണ്ട്. ഇത് എന്ത് അധികാരത്തിന്റെ പിൻബലത്തിലാണ് എന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ചോദ്യം.
തൃശൂർ: റവന്യൂ സെക്രറട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥയെ സർക്കാർ അനുമതിയില്ലാതെ ജലവൈദ്യുത പദ്ധതി നിലയങ്ങളുടെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. തൃശൂർ കോർപ്പറേഷൻ നടപടി ഗുരുതര നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ നോട്ടീസ് നൽകി. കൗൺസിലിൽ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതും കോർപ്പറേഷന് കോടികൾ ബാധ്യത വരുന്നതുമായ ആവേർകുട്ടി, കണ്ണൻകുഴി, ഇട്ട്യാനി, കാഞ്ഞിരകൊല്ലി തുടങ്ങിയ പദ്ധതികളുടെ സ്പെഷൽ ഓഫീസറായാണ് നിയമനം.
സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് തള്ളിക്കളഞ്ഞ ജലവൈദ്യുത പദ്ധതികളുമായി മുന്നോട്ടുപോകാൻ കോർപ്പറേഷൻ ഭരണത്തിന് നേതൃത്വം നൽകുന്ന എൽഡിഎഫ് പ്രതിനിധികൾക്കുള്ള "പ്രത്യേക താൽപ്പര്യം" എന്താണെന്ന് മേയർ വ്യക്തമാക്കണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. ജല വൈദ്യുതി പദ്ധതി നിലയങ്ങളുടെ സെപ്ഷ്യൽ ഓഫീസറായി കോർപ്പറേഷനിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച സി.ശോഭയെയാണ് നിയമിച്ചിരിക്കുന്നത്. കോർപ്പറേഷൻ കെട്ടിടത്തിൽ പ്രത്യേക മുറിയും അനുവദിച്ചിട്ടുണ്ട്. ഇത് എന്ത് അധികാരത്തിന്റെ പിൻബലത്തിലാണ് എന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ചോദ്യം.
അതേസമയം, 10-08-18ന് മേയറുടെ ചേമ്പറിൽ കൂടിയ യോഗത്തിൽ മേയറുടെ നിർദ്ദേശമുസരിച്ചാണ് കോർപ്പറേഷൻ വൈദ്യുതവിഭാഗം അസിസ്റ്റൻഡ് സെക്രട്ടറിയാണ് ശോഭയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിട്ടതെന്നാണ് ഔദ്യോഗിക പ്രതികരണം. എന്നാൽ ഈ നിയമനത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് പ്രതിപക്ഷവും ആക്ഷേപിക്കുന്നു. കോർപ്പറേഷൻ റവന്യൂ സെക്ഷനിൽ നിന്നും വിരമിച്ച ശോഭയ്ക്ക് ജലവൈദ്യുത നിലയങ്ങളെ കുറിച്ച് എന്ത് പരിജ്ഞാനമാണ് ഉള്ളതെന്നും ഇവർ ചോദിക്കുന്നു. പദ്ധതി നടപ്പിലാക്കല്ല, മറിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട് ആവശ്യമായ വരുന്ന കോടികളുടെ ഉപകരണങ്ങൾ വാങ്ങുന്ന കരാർ നടപ്പിലാവുമ്പോൾ ലഭിക്കുന്ന കോടികൾ വരുന്ന കമ്മീഷൻ പണത്തിലാണ് ഇടത് നേത്യത്വത്തിന്റെ താൽപ്പര്യമെന്നാണ് ആരോപണം.
കൗൺസിൽ അറിയാതെയും സർക്കാരിന്റെ അനുമതി ഇല്ലാതെയും നടത്തിയ അനധികൃത നിയമനം റദ്ദാക്കണമെന്നും കൗൺസിലിന്റെ അംഗീകാരമില്ലാതെ സർക്കാരിലേക്ക് അടച്ച മൂന്ന് കോടി രൂപ തിരിച്ചു പിടിക്കണമെന്നും ജോൺ ഡാനിയൽ മേയർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. മേയർക്ക് പുതിയ ഇന്നോവ കാർ വാങ്ങുന്നത് സംബന്ധിച്ച വിവാദം കെട്ടടങ്ങും മുമ്പാണ് നിയമവിരുദ്ധമെന്ന് ആരോപിക്കപ്പെട്ട പുതിയ നിയമന വിവാദം ഉടലെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് സ്വന്തമായി വൈദ്യുതി ഉല്പാദന-വിതരണ അധികാരമുള്ള ഏക തദ്ദേശസ്വയംഭരണ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ.
