ജാതിയോ മതമോ രാഷ്ട്രീയമോ സാമ്പത്തിക സ്ഥിതിയോ എന്തുമാകട്ടെ ഇവിടെ തകർന്നടിഞ്ഞു കിടക്കുന്നത് നമ്മുടെ കേരളമാണ്. ഇതിങ്ങനെ നാശോന്മുഖമായി കിടക്കാൻ അനുവദിച്ചു കൂടാ..’ സമകാലിക സംഭവ വികാസങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് എൽസി ജോൺ കത്തിൽ പറയുന്നു.

തൃശൂർ: ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് റിട്ട.അധ്യാപിക എൽസി ജോൺ എഴുതുന്നത്. പ്രളയം തകർത്ത നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ നമുക്ക് നമ്മുടെ കുട്ടികളെ കൂടി പങ്കാളിയാക്കാം...’ ഒരു അധ്യാപിക മുഖ്യമന്ത്രിക്കെഴുതിയ കത്തിെൻറ തുടക്കമാണിത്. പ്രളയത്തിൽ തകർന്ന് കിടക്കുന്ന കേരളത്തിെൻറ വീണ്ടെടുപ്പിന് മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണക്കൊപ്പം പുതിയ നിർദ്ദേശം കൂടി പങ്കുവയ്ക്കുകയാണ് എൽസി ജോൺ.

നവകേരള നിർമ്മാണത്തിൽ വിദ്യാർഥികൾക്ക് നിർണ്ണായകമായ പങ്ക് വഹിക്കാൻ കഴിയുമെന്നും, അവരെ പങ്കാളികളാക്കണമെന്നുമാണ് എൽസി ജോണിെൻറ അഭ്യർഥന. എങ്ങനെ പങ്കാളികളാക്കണമെന്ന നിർദ്ദേശവും എൽസി ജോൺ മുന്നോട്ടു വെയ്ക്കുന്നുണ്ട്. സാലറി സാലഞ്ചും, പ്രളയ ധനസഹായ സമാഹരണം വിവാദങ്ങളും രാഷ്ട്രീയ വാദങ്ങളുമായി മാറിയ സാഹചര്യം കൂടി കണക്കിലെടുത്താണ് എൽസിയുടെ കത്ത്.

‘ജാതിയോ മതമോ രാഷ്ട്രീയമോ സാമ്പത്തിക സ്ഥിതിയോ എന്തുമാകട്ടെ ഇവിടെ തകർന്നടിഞ്ഞു കിടക്കുന്നത് നമ്മുടെ കേരളമാണ്. ഇതിങ്ങനെ നാശോന്മുഖമായി കിടക്കാൻ അനുവദിച്ചു കൂടാ..’ സമകാലിക സംഭവ വികാസങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് എൽസി ജോൺ കത്തിൽ പറയുന്നു.

ഓരോ വിദ്യാർഥിയും കുറഞ്ഞത് ഒരു രൂപ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. പ്രൈമറി തലം മുതൽ പ്രഫഷണൽ കോളേജ് അടക്കമുള്ള ഉന്നതതലം വരെയുള്ള വിദ്യാർഥികളെ ഇതിൽ പങ്കെടുപ്പിക്കാം. സ്കൂളുകളുടെ അവസ്ഥയും വിദ്യാർഥികളുടെ കുടുംബത്തിെൻറ സാമ്പത്തിക സ്ഥിതിയും വ്യത്യസ്തമാണ്. ദിവസവും ഒരു രൂപ മാത്രം കൊണ്ടുവരാൻ കഴിയുന്ന കുട്ടികളും രണ്ടോ അഞ്ചോ പത്തോ അതിനു മുകളിലോ കൊണ്ടു വരാൻ കഴിയുന്ന കുട്ടികളും ഒരു ക്ളാസിലുണ്ടാകും. ഇവരെ ചേര്‍ത്ത് നിര്‍ത്തണമെന്നും എൽസി ജോൺ കുറിക്കുന്നു.

നൂറ് ദിവസത്തിനുള്ളിൽ 250-300 കോടി ഇവരിൽ നിന്ന് സമാഹരിക്കാമെന്നും, കേരളം അവരുടേതാണെന്നും ടീച്ചര്‍ പറയുന്നു. അവരുടെ നാടിനെ ഏറ്റവും മനോഹാരിതയോടെ ആധുനിക സൗകര്യങ്ങളോടെ ഭയലേശമില്ലാതെ ജീവിക്കാൻ കഴിയുന്ന ദൈവത്തിെൻറ സ്വന്തം നാടായിത്തന്നെ തിരിച്ചു നൽകാൻ മുഖ്യമന്ത്രിയ്ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് എല്‍സി ജോണിന്‍റെ കത്ത് അവസാനിക്കുന്നത്. മാള സെൻറ് ആൻറണീസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ച തൃശൂർ തോളൂർ സ്വദേശിനിയാണ് എൽസി ജോൺ. 

ധനസമാഹരണത്തിന് കത്തിലെ നിർദ്ദേശങ്ങൾ

*ക്ലാസ് പിടിഎ യോഗം ചേർന്ന് രക്ഷിതാക്കളുടെ സാമ്പത്തിക നിലക്കും വരുമാനത്തിനുമനുസരിച്ച് ഓരോ കുട്ടിക്കും കൊടുത്തയക്കാൻ കഴിയുന്ന സംഖ്യയെ കുറിച്ച് ധാരണയുണ്ടാക്കുക.
* ഒന്ന്, രണ്ട്, അഞ്ച്, 10 രൂപ നാണയങ്ങൾ നവകേരള നിർമ്മിതിക്കായി മാറ്റിവെക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കണം.
*എല്ലാവരും ദിവസവും ഒരു രൂപ എന്ന പോളിസി നിലനിറുത്തി കൊണ്ട് കൂടുതൽ സമാഹരിക്കാൻ അധ്യാപകർ മുൻകയ്യെടുക്കണം
*കുട്ടികൾ ദിവസവും കൊണ്ടുവരുന്ന സംഖ്യ ഒരു പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തി ക്ലാസിലെ വരുമാനം കണക്കാക്കി ഓഫീസിലെ ചാർട്ടിലും രേഖപ്പെടുത്താം. (സുതാര്യ പ്രവർത്തനത്തിനും ഇത് സഹായകരം).
*രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസുകൾ നടത്തണം.
*100 അധ്യയന ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ പരിപാടി തയ്യാറാക്കി, ജാതിമത കക്ഷിരാഷ്ട്രീയത്തിനതീതമായ മാനവീകതയും കേരളീയതയും പ്രകടമാകണം.
*1000 കുട്ടികളുള്ള ഒരു സ്കൂളിൽ നിന്ന് ശരാശരി 2500-3000 രൂപയോ അതിൽ കൂടുതലോ ദിവസവും ദുരിതാശ്വസനിധിയിലേക്ക് ലഭിക്കും.
* ഒരു കോടിയോളം വിദ്യാർഥികളുണ്ട് കേരളത്തില്‍. ഇവരിൽ നിന്നും 100 ദിവസം കൊണ്ട് 250-300 കോടിയോ, അതിൽ കൂടുതലോ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികളുടെ വിഹിതമായി എത്തിയിരിക്കും.