പേര് ഒന്നായപ്പോള്‍ അധികൃതര്‍ക്ക് പറ്റിയ കൈപ്പിഴയുടെ ഫലമായാണ് ആള് മാറി സഹായധനം നല്‍കിയത്. യഥാർത്ഥ അവകാശികള്‍ സഹായ ധനമായി അനുവദിച്ച തുകയ്ക്കായി അധികൃതരെ സമീപിച്ചപ്പോഴാണ് റവന്യൂ വകുപ്പിന് സംഭവിച്ച അബദ്ധം മനസിലായത്.
പെരിയ: കാസര്‍കോട് പെരിയയില്‍ ആളുമാറി വിതരണം ചെയ്ത എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായ ധനം തിരിച്ച് പിടിക്കാനുള്ള ശ്രമം റവന്യൂ വകുപ്പ് ആരംഭിച്ചതോടെ ആശങ്കയില്‍ വയോധിക. അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയ വയോധികക്കെതിരെ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് റവന്യൂ വകുപ്പ്. സഹായധനമായി ലഭിച്ച തുക വീടിന്‍റെ ലോണ്‍ തുക അടക്കാൻ ഉപയോഗിച്ചതോടെ തിരിച്ചടക്കാന്‍ കാശില്ലാത്ത അവസ്ഥയിലാണ് വയോധിക ഇപ്പോഴുള്ളത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള അഞ്ച് ലക്ഷം രൂപയാണ് പെരിയ പുളിക്കാല്‍ മഠത്തില്‍ കോളനിയിലെ കുമ്പയ്ക്ക് ലഭിച്ചത്. പെരിയ മേപ്പാട്ടെ പരേതനായ നാര്‍ക്കളന്‍റെ ഭാര്യ കുമ്പയ്ക്ക് അനുവദിച്ച തുകയാണ് 68 വയസുകാരിയും പരേതനായ ചനിയന്‍റെ ഭാര്യയുമായ കുമ്പയ്ക്ക് ലഭിച്ചത്. പേര് ഒന്നായപ്പോള്‍ അധികൃതര്‍ക്ക് പറ്റിയ കൈപ്പിഴയുടെ ഫലമായാണ് ആള് മാറി സഹായധനം നല്‍കിയത്. യഥാർത്ഥ അവകാശികള്‍ സഹായ ധനമായി അനുവദിച്ച തുകയ്ക്കായി അധികൃതരെ സമീപിച്ചപ്പോഴാണ് റവന്യൂ വകുപ്പിന് സംഭവിച്ച അബദ്ധം മനസിലായത്.
അപ്പോഴേക്കും തുക കൈപ്പറ്റിയ കുമ്പയുടെ കുടുംബം മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് ബാങ്കിലെ കടം വീട്ടിയിരുന്നു. അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത് ഒന്നര ലക്ഷം മാത്രം. ഇത് റവന്യൂ അധികൃതര്‍ തിരിച്ചു പിടിച്ചു. ബാക്കി മൂന്നര ലക്ഷം ഉടന്‍ തിരിച്ചടയ്ക്കണമെന്ന് കുമ്പയോട് ആവശ്യപ്പെട്ടിരിക്കുകയാണ് റവന്യൂവകുപ്പ്. പണമടക്കാന്‍ നിര്‍വാഹമില്ലെന്ന് കുമ്പയുടെ സഹോദരന്‍ പറയുന്നു. വികലാംഗനാണ് കുമ്പയുടെ സഹോദരന്‍ നായായണന്‍. ജോലിക്ക് പോകാനാവില്ല.
കുമ്പയും വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ജോലിക്ക് പോകാറില്ല. നാരായണന്‍റെ ഭാര്യയുടെ ചെറിയ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. അതേസമയം കുമ്പയ്ക്കെതിരെ വഞ്ചന, ആള്‍മാറാട്ടം എന്നിവയ്ക്ക് പൊലീസില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് റവന്യൂ വകുപ്പുള്ളത്. ഇതോടെ പൈസ തിരിച്ചടയ്ക്കാനുള്ള അവസ്ഥയില്ല ഒപ്പം പൊലീസ് കേസ് വരുമെന്ന ആധിയില്‍ കണ്ണീരിലാണ് കുമ്പയും നാരായണനുമുള്ളത്.
