ഇടുക്കി: ഇടുക്കിയില്‍ കയ്യേറ്റത്തിനെതിരേ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. കൊന്നത്തടി കരിമല മലമുകളിലെ മുന്നൂറ്റി പതിനഞ്ച് ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഇടുക്കി ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് ബോര്‍ഡ് സ്ഥാപിച്ച് ഭൂമി ഏറ്റെടുത്തത്. സ്വകാര്യ വ്യക്തി കയ്യേറി നിര്‍മ്മിച്ച കെട്ടിടവും റവന്യൂ വകുപ്പ് ഏറ്റെടുത്ത് സീല്‍ ചെയ്തു.

ഇടുക്കി കൊന്നത്തടി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ ഇരുപത്തിയൊമ്പതിൽപ്പെട്ട സര്‍വ്വേ നമ്പര്‍ ഒന്നേ ഒന്നില്‍ നൂറ്റി പതിനേഴേ ബാര്‍ ഒന്നില്‍പെട്ട മുന്നൂറ്റി പതിനഞ്ച് ഏക്കര്‍ പാറ തരിശായ ഭൂമിയാണ് കയ്യേറ്റം ഒഴുപ്പിച്ച് സര്‍ക്കാര്‍ ഭൂമയെന്ന ബോര്‍ഡും സ്ഥാപിച്ച് തിരിച്ചുപിടിച്ചത്. 

ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ നേരിട്ടെത്തിയാണ് ഭൂമി ഏറ്റെടുത്തത്. മലമുകളിലെ ഏക്കറ് കണക്കിന് വരുന്ന ഭൂമി കയ്യേറി ഫ്ളോട്ട് തിരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള നീക്കം മുമ്പ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് കൊന്നത്തടി വില്ലേജ് ഓഫീസര്‍ എം ബി ഗോപാലകൃഷ്ണന്‍ സ്ഥലം സന്ദർശിച്ച് റവന്യൂ ഭൂമി കയ്യേറി അനധികൃത കെട്ടിടം നിര്‍മ്മിച്ചതടക്കം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റടുത്തത്.

കയ്യേറ്റത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘനയായ ഗ്രീന്‍കെയര്‍ കേരളയും രംഗത്തെത്തിയിരുന്നു. പ്രദേശത്ത് നിലവില്‍ കയ്യേറി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്ന രാജാക്കാട് സ്വദേശി വടക്കേല്‍ ജിമ്മിക്കെതിരേ നിയമ നടപടിയടക്കം സ്വീകരിക്കും. 

ഇതോടൊപ്പം തന്നെ മറ്റ് മുപ്പത്തിമൂന്ന് പേരും സ്ഥലം കയ്യേറി ഫ്ളോട്ടുകള്‍ തിരിച്ചിട്ടുള്ളതായി റവന്യൂ സംഘം കണ്ടെത്തി. ഏറ്റെടുത്ത ഭൂമി വേലിയിട്ട് തിരിച്ച് വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും ആലോചിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, കൊന്നത്തടി വില്ലേജ് ഓഫീസര്‍ എം ബി ഗോപാലകൃഷ്ണന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ഭൂമി ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചത്.