Asianet News MalayalamAsianet News Malayalam

കിടപ്പാടത്തിനായി കൈക്കൂപ്പി കരഞ്ഞ് അമ്മമാര്‍, ചെമ്പൂത്രയിലെ ഒഴിപ്പിക്കലില്‍ നാടകീയ രംഗങ്ങൾ; ഉദ്യോഗസ്ഥർ മടങ്ങി

ഇവര്‍ക്ക് പിന്തുണയുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഒഴിപ്പിക്കല്‍ നടപടിയില്‍ സഹകരിക്കണമെന്ന് പൊലീസും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും വീട്ടുകാരോട് ആവശ്യപ്പെട്ടു. 

revenue recovery thrissur pattikkadu Mothers crying for their house btb
Author
First Published Sep 7, 2023, 10:14 PM IST

തൃശൂര്‍: പട്ടിക്കാട് ചെമ്പൂത്ര കുരങ്ങന്‍പാറ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 12 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ തഹസില്‍ദാരുടെയും ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ഒഴിപ്പിക്കാന്‍ എത്തിയെങ്കിലും വീട്ടുകാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു. ഇവര്‍ക്ക് പിന്തുണയുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഒഴിപ്പിക്കല്‍ നടപടിയില്‍ സഹകരിക്കണമെന്ന് പൊലീസും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും വീട്ടുകാരോട് ആവശ്യപ്പെട്ടു. 

എന്നാല്‍, തങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തയാറാണെന്നും 50 വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നു എന്നും ഭൂമി വാങ്ങുവാനോ വീട് വയ്ക്കുവാനോ സാമ്പത്തികശേഷിയില്ലാത്ത തങ്ങള്‍ക്ക് പുനരധിവാസം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൂട്ട ആത്മഹത്യേയേ വഴിയുള്ളൂവെന്നും വയസായ അമ്മമാര്‍ കരഞ്ഞു കൈകൂപ്പി തഹസില്‍ദാരെ അറിയിച്ചു. തുടര്‍ന്ന് ചിലര്‍ വഴിയില്‍ കുത്തിയിരുന്നു. ഉദ്യോഗസ്ഥരെ കടത്തിവിട്ടില്ല.

ഇതിനിടയില്‍ 80 വയസുള്ള ശാന്ത തലകറങ്ങി വീണു. സംഭവം രൂക്ഷമാകുമെന്ന സ്ഥിതി വന്നപ്പോള്‍ ജനങ്ങളെ ആക്രമിച്ചുകൊണ്ട് നിയമം നടപ്പാക്കാന്‍ എസ് ഐ ബിബിന്‍ ബിയും തഹസില്‍ദാര്‍ ടി ജയശ്രീയും തയാറായില്ല. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ട പുനരധിവാസ നടപടികള്‍ കൈക്കൊണ്ടതിനുശേഷമേ ഒഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകു എന്നും തഹസില്‍ദാര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഇറിഗേഷന്‍ ഉദ്യോഗസ്ഥരോട് പ്രദേശത്തെ സംഘര്‍ഷാവസ്ഥ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും തഹസില്‍ദാര്‍ പറഞ്ഞു.

ഇതിനുശേഷം ഉദ്യോഗസ്ഥസംഘം തിരിച്ചുപോയി. പുറമ്പോക്കിന് സമീപത്തുള്ള സ്വകാര്യ വ്യക്തി തന്‍റെ ഏക്കര്‍ കണക്കിന് വരുന്ന ഭൂമിയിലേക്ക് കടക്കുന്നതിനുള്ള വഴി ഇല്ലാത്തതുകൊണ്ട് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന താമസക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയെ  സമീപിച്ചത്. കേസ് പരിഗണിച്ച കോടതി 12 കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ അതാത് സര്‍ക്കാര്‍ വിഭാഗങ്ങള്‍ കൈകൊണ്ട് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് ഉത്തരവിറക്കി. പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഒരുമിച്ച് രംഗത്തെത്തി.

നിയമാനുസൃതമായ കോടതി തീരുമാനം അംഗീകരിക്കുന്നുവെന്നും എന്നാല്‍ ഇത്രയും കുടുംബങ്ങള്‍ക്ക് മാനുഷിക പരിഗണന നല്‍കേണ്ടത് അത്യാവശ്യമാണെന്നും ജനപ്രതിനിധികള്‍ എന്ന നിലയ്ക്ക് തങ്ങള്‍ക്ക് അത് നല്‍കേണ്ടിവരുമെന്നും പഞ്ചായത്തംഗങ്ങളായ സാവത്രി സദാനന്ദനും ജയകുമാര്‍ ആദംകാവിലും പറഞ്ഞു. ഇറിഗേഷന്‍ ഹെഡ് വര്‍ക്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീരേഖ ജി, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ വിവേക് പി എം, ഓവര്‍സിയര്‍ സ്മിത എം, ഹെഡ് ക്ലാര്‍ക്ക് സീന പി എസ്, ക്ലര്‍ക്ക് ഷമീര്‍ പി എസ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

കോയമ്പത്തൂരിൽ നിന്ന് അതിർത്തി കടന്ന് വന്ന കാര്‍; രഹസ്യഅറയിൽ ചെറിയ ചാക്കുകൾ, കുടഞ്ഞിട്ട് പരിശോധിച്ചപ്പോൾ കണ്ടത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios