അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിലൂടെയുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ലാ ഭരണകൂടം. ജില്ലയില്‍ മഴ തുടരാനുള്ള സാധ്യതയും,കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് പല റോഡുകളിലും വെള്ളക്കെട്ടും അപകടസാധ്യതയും നിലനില്‍ക്കുന്നതിനാല്‍, അതിരപ്പിള്ളി - മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും ആഗസ്റ്റ് 03, 04 തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്‌സനായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
ഇതുസംബന്ധിച്ച ഉത്തരവും ജില്ലാ കളക്ടര്‍ പുറത്തിറക്കി. അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാവുന്നതാണ്. ആവശ്യമായ നടപടികള്‍ ജില്ലാ പൊലീസ് മേധാവികള്‍, തൃശൂര്‍ / വാഴച്ചാല്‍ / ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് പ്രവേശന നിരോധനം
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ കർശനമായി നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം, ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ മലമ്പുഴ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലം ഡാം എന്നീ ഉദ്യാനങ്ങൾ നാളെ (03/08/2024) മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

