ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിൽ ചാരുംമൂടിനു സമീപമുള്ള വളവിലെ കുഴികൾ അപകടക്കെണിയാവുന്നു. ചാരുംമൂട് ജംഗ്ഷനിലെ കച്ചിയിൽ മുക്കിനു സമീപമാണ് റോഡ് നിറയെ കുഴികൾ നിറഞ്ഞിരിക്കുന്നത്. ഇവിടെ ഇന്ന് രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി ചാങ്ങാട്ട് തെക്കതിൽ സാബു (42) വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കുണ്ട്. റോഡിലെ കുഴികൾ ശ്രദ്ധയില്‍പ്പെട്ട് ബ്രേക്കിട്ട ഇന്നോവയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. 

ദേശീയപാതയായതിനാൽ ഓരോ മണിക്കൂറിലും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. വാഹനങ്ങൾ അടുത്തെത്തുമ്പോൾ കുഴികൾ ഒഴിവാക്കാൻ ശ്രമിക്കുന്നതും ബ്രേക്കിടുന്നതുമാണ് കൂടുതൽ അപകടങ്ങളുണ്ടാക്കുന്നത്. വളവിലായതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാനും കഴിയില്ല. നേരത്തെ ഇവിടെയുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.