കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്താണ് മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു 21 അംഗ സംഘം

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ എഴുവയസുകാരിക്ക് പിന്നാലെ അമ്മയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 15 പേര്‍ക്ക് പരിക്കേറ്റു. രാജാക്കാട് -നെടുങ്കണ്ടം റൂട്ടില്‍ വട്ടക്കണ്ണിപ്പാറ സ്ലീവാ പള്ളിയ്ക്കു സമീപമായിരുന്നു അപകടം. 

സംഘത്തിലുണ്ടായിരുന്ന റെജീന (35) , സഫ (ഏഴ്) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്താണ് മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു 21 അംഗ സംഘം. ഇതില്‍ നാലു മലേഷ്യന്‍ സ്വദേശികളും ഉള്‍പ്പെടുന്നു. 

ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തില്‍ അകപ്പെട്ടവരെ പുറത്തെടുത്ത് വിവിധ വാഹനങ്ങളില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. രാജാക്കാട് പൊലീസും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ പത്തോളം പേരെ തേനി മെഡിക്കല്‍ കോളജിലേയ്ക്കു കൊണ്ടു പോയി. മറ്റുള്ളവരെ സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം