ചേർത്തല: ഭിന്നശേഷിക്കാരനായ യുവാവും കുടുംബവും പതിമൂന്ന് വർഷങ്ങളായി യാത്ര ചെയ്യുന്ന വഴി അടച്ചതായി പരാതി. വയലാർ പഞ്ചായത്ത് പതിനാലാം വാർഡിൽ പുതുപറമ്പ് നികർത്തിൽ പരേതനായ ദിനമണിയുടെ ഭാര്യ സുശീല (63), മകൻ ഭിന്നശേഷിക്കാരനായ സുധീഷ് (37), ഭാര്യ സിന്ധു (32), എട്ടും മൂന്നും വയസുള്ള കുട്ടികളടങ്ങുന്ന കുടുംബത്തെയാണ് വീടിന് സമീപം താമസിക്കുന്നവർ വഴി നടക്കാൻ അനുവദിക്കാത്തത്.

പതിമൂന്ന് വർഷമായി കുടുംബം യാത്ര ചെയ്തുകൊണ്ടിരുന്ന വഴി കഴിഞ്ഞ ജൂൺ 16ന് താത്ക്കാലികമായി അടച്ചു. തുടർന്ന് സുശീല ആർ ഡി ഒ, ചേർത്തല ഡി വൈ എസ് പി എന്നിവർക്ക് പരാതി നൽകി. വീടിന് ചുറ്റും താമസിക്കുന്നവർ ബി ജെ പി പ്രവർത്തകരും സാമ്പത്തിക ശേഷിയുമുള്ളവരാണ്. ഇവർ മാനസികവും ശാരീരകമായും വർഷങ്ങളായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സുധീഷ് പറഞ്ഞു. വീടിന് മുന്നിലും പിന്നിലും താമസിക്കുന്ന ശരത് നിവാസിൽ പവിത്രൻ, കൊച്ചുവെളി ലീലാമ്മ എന്നിവരാണ് സുശീലയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസ് കൊടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴിന് സ്റ്റേഷനിൽ ചെന്ന സമയം നോക്കി ഇവർ സുധീഷിന്റെ വീട്ടിയേക്കുള്ള നടവഴി മതിൽ കെട്ടിയടക്കുകയുണ്ടായി. ഇതിനെതിരെ ചേർത്തല പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

ഇതേതുടർന്ന് വിദ്യാരംഭ ദിനത്തിൽ സുധീഷും സുശീലയും മറ്റ് കുടുംബാംങ്ങളും ചേർന്ന് റോഡിൽ പായ വിരിച്ചിരുന്ന് പ്രതിഷേധിച്ചു. ഇത് നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് എത്തി കെട്ടിയ മതിൽ പൊളിച്ചുനീക്കി. ഈ കുടുംബത്തിലെ എട്ടും, രണ്ടും വയസുള്ള കുട്ടികളടക്കം എല്ലാവരും സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലാതെ വിഷമിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനിരിക്കുകയാണ് വൃദ്ധയായ സുശീലയും ഭിന്നശേഷിക്കാരനായ സുധീഷുമിപ്പോൾ.