28 വർഷങ്ങൾക്കിപ്പുറം ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡ് ടാറിങ്ങ് ചെയ്യാൻ തീരുമാനിച്ചു. എം എൽ എ ഫണ്ടിൽ നിന്ന് അതിനായി 30 ലക്ഷം രൂപയും അനുവദിച്ചു. റോഡിന് തുടക്കത്തിലുള്ള കലുങ്ക് പുനർ നിർമ്മിക്കാൻ പൊളിച്ചിട്ടുകയും ചെയ്തു.

തൃശൂർ: അന്തിക്കാട് പുത്തൻ കോവിലകം റോഡ് നിർമ്മാണ പ്രവർത്തനത്തിന്‍റെ പേരിൽ പൊളിച്ചിട്ട് പത്തു ദിവസത്തിലധികമായി ഗതാഗതം തടഞ്ഞത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കാനായി സ്ലാബുകൾ ഇളക്കി മാറ്റിയിട്ടെങ്കിലും ഇത്രയും ദിവസമായിട്ടും ഒരു നിർമ്മാണ പ്രവർത്തനവും നടത്താതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ പരാതി. അന്തിക്കാട് സെന്‍ററിന് സമീപം കെജിഎം സ്കൂളിന് ചേർന്ന് പോകുന്നതാണ് പുത്തൻകോവിലകം റോഡ്. 28 വർഷങ്ങൾക്കിപ്പുറം ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡ് ടാറിങ്ങ് ചെയ്യാൻ തീരുമാനിച്ചു. 

എംഎൽഎ ഫണ്ടിൽ നിന്ന് അതിനായി 30 ലക്ഷം രൂപയും അനുവദിച്ചു. റോഡിന് തുടക്കത്തിലുള്ള കലുങ്ക് പുനർ നിർമ്മിക്കാൻ പൊളിച്ചിട്ടുകയും ചെയ്തു. റോഡ് ബ്ലാക്ക് ചെയ്തതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തങ്ങൾ പഠിക്കുന്ന വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരാനുള്ള യാത്രയും ദുഷ്കരമായി. അന്തിക്കാട് കോൾ മേഖലയിലേക്ക് വിത്തും വളവും കൊണ്ടുപോകുന്ന കർഷകരും ദുരിതത്തിൽ ആയിരുന്നു. പത്ത് ദിവസം കഴിഞ്ഞിട്ടും പൊളിച്ചിട്ട റോഡ് നന്നാക്കാൻ ആരും എത്തിയില്ല. അതാണ് പ്രതിഷേധത്തിന് വഴി വച്ചത്. സർക്കാർ സംവിധാനത്തിൽ വന്ന പാകപ്പിഴകളാണ് ജനങ്ങൾക്ക് ദുരിതം സമ്മാനിച്ചതെന്ന് റോഡ് കമ്മിറ്റി പ്രസിഡന്‍റ് രഘുനാഥൻ പറഞ്ഞു.

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞത് മൂലം സമീപത്തെ സ്കൂളുകളിലുള്ള ആയിരക്കണക്കിന് വിദ്യാർഥികളും അന്തിക്കാട് പാടശേഖരങ്ങളിലേക്ക് എത്തുന്ന കർഷകരും ദുരിതത്തിൽ ആണെന്ന് പൊതു പ്രവർത്തനായ ഗോകുൽ കരിപ്പിള്ളി പറഞ്ഞു. അതേസമയം ബ്ലോക്കിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലം മാറി പോയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ജീന നന്ദൻ വ്യക്തമാക്കി. ജനങ്ങളുടെ ദുരിതം മനസ്സിലാക്കി തദ്ദേശ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട അടിയന്തരമായി പുതിയ ഉദ്യോഗസ്ഥനെ ചുമതല ഏൽപ്പിച്ചതായും വരും ദിവസങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നും ഇവർ പറഞ്ഞു.