എംഎല്‍എയോ കളക്ടറോ സംഭവ സ്ഥലത്തെത്തി റോഡ് പണി സംബന്ധിച്ച് ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന് തൊഴിലാളികള്‍, കുടുങ്ങി വിനോദസഞ്ചാരികള്‍

മൂന്നാര്‍: റോഡ് തകര്‍ന്ന് 20 വര്‍ഷമായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധം. കുണ്ടള ചെണ്ടുവാരെ ടോപ്പ് ഡിവിഷന്‍ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികളാണ് റോഡ് ഉപരോധിച്ചത്.

വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന മൂന്നാര്‍ - ടോപ്പ് സ്റ്റേഷന്‍ റോഡാണ് തോട്ടം തൊഴിലാളികള്‍ ഉപരോധിച്ചത്. റോഡ് നിര്‍മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എംഎല്‍എയോ കളക്ടറോ ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. ഇതോടെ നിരവധി വിനോദ സഞ്ചാരികള്‍ റോഡില്‍ കുടുങ്ങി. 

മൂന്നാറില്‍ നിന്നും എസ്‌റ്റേറ്റ് മേഖലയിലേക്ക് പോകുന്ന സ്വകാര്യ കമ്പനിയുടെ റോഡുകള്‍ മിക്കവയും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. ആദ്യ കാലങ്ങളില്‍ കമ്പനി റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും കുറച്ച് വര്‍ഷങ്ങളായി പണികള്‍ നടത്താന്‍ തയ്യാറായിട്ടില്ല. തോട്ടം തൊഴിലാളികള്‍ ഏറെ താമസിക്കുന്ന ഭാഗങ്ങളില്‍ റോഡ് സഞ്ചാരയോഗ്യമാക്കുന്ന നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചെങ്കിലും നിയമ തടസ്സങ്ങള്‍ നേരിട്ടതോടെ പണികള്‍ അവസാനിപ്പിച്ചു. ഇതോടെ കഴിഞ്ഞ 20 വര്‍ഷമായി മിക്ക റോഡുകളും കാല്‍നടയാത്രക്കാര്‍ക്ക് പോലും കടന്നുചെല്ലാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്വകാര്യ കമ്പനിയും സര്‍ക്കാരും തമ്മില്‍ നടക്കുന്ന നിയമ യുദ്ധത്തില്‍ തൊഴിലാളികള്‍ കഷ്ടപ്പെടുമ്പോഴും അധിക്യതര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി. 

തകര്‍ന്നുകിടക്കുന്ന കുണ്ടള - ചെണ്ടുവാര റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന മൂന്നാര്‍-ടോപ്പ് സ്റ്റേഷന്‍ റോഡ് ഉപരോധിച്ചത്. ജില്ലയിലെ എംപി, എംഎല്‍എ, പഞ്ചായത്ത് പ്രതിനിധികള്‍, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാതെ വന്നതാണ് റോഡ് ഉപരോധം സംഘടിപ്പിച്ചത്. എംഎല്‍എയോ കളക്ടറോ സംഭവ സ്ഥലത്തെത്തി റോഡ് പണികള്‍ സംബന്ധിച്ച് ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.